Newsperseconds.com

രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് വിശ്വസിക്കുന്നില്ല; പോക്സോ കേസില്‍ പ്രതികരണവുമായി ബിഎസ് യെദ്യൂരപ്പ

Capture

ബംഗളൂരു: പോക്സോ കേസില്‍ പ്രതികരണവുമായി യെദ്യൂരപ്പ. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ധാരണ അദ്ദേഹം തള്ളിക്കളഞ്ഞു. താന്‍ സഹായിച്ച യുവതി തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എനിക്കെതിരെ ഒരു സ്ത്രീ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഏകദേശം ഒരു മാസം മുമ്പ് അവര്‍ എന്നെ കാണാന്‍ വന്നിരുന്നു. പക്ഷേ ഞാന്‍ അത്ര ശ്രദ്ധിച്ചില്ല. ഒരു ദിവസം അവരുടെ കരച്ചില്‍ കണ്ടപ്പോള്‍ ഞാന്‍ കാര്യം തിരക്കി. താന്‍ പീഡനത്തിന് ഇരയായെന്ന് അവര്‍ അവകാശപ്പെട്ടു. ഞാന്‍ ഉടന്‍ തന്നെ പോലീസ് കമ്മീഷണറെ ബന്ധപ്പെടുകയും അവരുടെ വാക്കുകള്‍ കേള്‍ക്കാനും ആവശ്യമായ നടപടി സ്വീകരിക്കാനും അഭ്യര്‍ത്ഥിച്ചു. എന്നിട്ടും അവര്‍ എനിക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി.

ഇപ്പോഴിതാ ഈ സംഭവം വളച്ചൊടിച്ച് എഫ്‌ഐആറാക്കിയിരിക്കുകയാണ്. ഞങ്ങള്‍ ഇത് നിയമപരമായി കൈകാര്യം ചെയ്യും. ഒരാളെ സഹായിക്കുന്നത് ഇത്തരം ആരോപണങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഇതൊരു രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും നിയമപരമായ മാര്‍ഗങ്ങളിലൂടെ അത് പരിഹരിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.

ബിഎസ് യെദ്യൂരപ്പയ്ക്കെതിരെ ബെംഗളൂരുവിലെ സദാശിവനഗര്‍ പോലീസിലാണ് പോക്സോ കേസ് ഫയല്‍ ചെയ്തത്. ഫെബ്രുവരി 2 ന് വഞ്ചനാക്കേസില്‍ സഹായം ആവശ്യപ്പെട്ട് സമീപിച്ചപ്പോള്‍ മുതിര്‍ന്ന ബിജെപി നേതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 17 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്.

Share this Article

Leave a Comment