വയനാട്: മയക്കുവെടി വെച്ച് മാനന്തവാടിയില്‍ നിന്നും പിടികൂടിയ തണ്ണീര്‍കൊമ്പന്‍ ചരിഞ്ഞു. ബന്ദീപൂരില്‍ വെച്ചാണ് സംഭവം. തണ്ണീര്‍ കൊമ്പനെ വയനാട്ടില്‍ നിന്നും പിടികൂടി കര്‍ണാടകയിലെ രാമപുര എലഫന്റ് ക്യാമ്പില്‍ എത്തിച്ചിരുന്നു.ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ സംഭവം നടന്നത്. കര്‍ണാടക വനംവകുപ്പ് വിവരം കേരള വനംവകുപ്പിനെ അറിയിച്ചു. തണ്ണീര്‍ കൊമ്പന്‍ ചരിയാനുണ്ടായ കാരണം വ്യക്തമല്ല. ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. 20 ദിവസത്തിനിടെ രണ്ടാമത്തെ തവണയാണ് തണ്ണീര്‍കൊമ്പന് മയക്കുവെടി വെക്കുന്നത്.
പ്രാഥമിക ആരോഗ്യ പരിശോധനകള്‍ക്ക് ശേഷമാണ് ആനയെ കൂട്ടിലേക്ക് മാറ്റിയത്. മയക്കു വെടി വെച്ചതിനുശേഷം അഞ്ചുമണിക്കൂറിലേറെയാണ് ആന വനം വകുപ്പിന്റെ അനിമല്‍ ആംബുലന്‍സില്‍ സഞ്ചരിച്ചത്.ആനയക്ക് മറ്റെന്തെങ്കിലും പരിക്കുകളുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. കൊമ്പന് ആരോഗ്യപരമായി മറ്റു കുഴപ്പങ്ങള്‍ ഇല്ലന്നാണ് നേരത്തേ വനംവകുപ്പ് അറിയിച്ചിരുന്നത്. ചരിഞ്ഞുവെന്ന വിവരം അപ്രതീക്ഷിതമായിരുന്നു.
ഇന്നലെ പുലര്‍ച്ചെയാണ് മാനന്തവാടി നഗരത്തില്‍ തണ്ണീര്‍കൊമ്പന്‍ എന്ന കാട്ടാന ഇറങ്ങിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കൊമ്പനെ വനംവകുപ്പ് പിടികൂടിയത്. തുടര്‍ന്ന് എലിഫന്റ് ആംബുലന്‍സില്‍ കര്‍ണാടകയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രാഥമിക പരിശോധനകള്‍ക്കുശേഷം തണ്ണീര്‍ കൊമ്പനെ കാട്ടിലേക്ക് തുറന്നുവിടാനുള്ള തീരുമാനത്തിനിടെയാണ് ദാരുണ സംഭവം നടന്നത്.