Newsperseconds.com

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന് പിണറായി വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

Capture

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിണറായി വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. വെള്ളാപ്പള്ളിക്കെതിരെ തെളിവില്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കുകയാണെന്നും അറിയിച്ച് വിജിലന്‍സ് കേസ് അട്ടിമറിച്ചിരിക്കുകയാണ്. വി.എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ വെള്ളാപ്പള്ളിയെ ഒന്നാംപ്രതിയാക്കി എടുത്ത കേസിലാണ് വെള്ളപൂശി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ വിജിലന്‍സ് കോടതി വി എസ് അച്യുതാനന്ദന് നോട്ടീസ് അയച്ചു. എന്നാല്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തിന് ചികില്‍സയിലാണ് വി.എസ്. ഇത്തരമൊരു സാഹചര്യത്തില്‍ നോട്ടീസിനോട് എങ്ങനെ വിഎസ് പ്രതികരിക്കുമെന്നത് നിര്‍ണ്ണായകമാണ്. വിഎസിന്റെ അനാരോഗ്യാവസ്ഥ വെള്ളാപ്പള്ളിക്ക് മറ്റൊരു തരത്തില്‍ തുണയായിരിക്കുകയാണ്.

അതേ സമയം, പ്രധാനമന്ത്രി മോദിയെ കൊച്ചുമകളുടെ വിവാഹസല്‍ക്കാരത്തിന് വെള്ളാപ്പള്ളി നടേശന്‍ എത്തിച്ചത് മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ ക്ലീന്‍ ചിറ്റ് കിട്ടിയെന്ന് ഉറപ്പാക്കുകയും ചെയ്തു. വെള്ളാപ്പള്ളിക്ക് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയത് എസ്എന്‍ഡിപി യോഗ നേതൃത്വത്തിന് ആശ്വാസമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെള്ളാപ്പള്ളി പൂര്‍ണ്ണ പിന്തുണയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

എസ്എന്‍ഡിപി യൂണിയന്‍ ശാഖകള്‍ വഴി നടത്തിയ മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ 15 കോടിയിലധികം ക്രമക്കേട് നടന്നുവെന്നായിരുന്നു വി എസിന്റെ പരാതി. പിന്നോക്ക ക്ഷേമ കോര്‍പറേഷനില്‍ നിന്നെടുത്ത വായ്പ വലിയ പലിശ നിരക്കില്‍ താഴേക്ക് നല്‍കി തട്ടിപ്പ് നടത്തിയെന്നും പരാതിയില്‍ ചൂണ്ടികാട്ടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയ വിജിലന്‍സ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. സംസ്ഥാനത്താകെ 124 കേസുകളാണ് വിജിലന്‍സ് അന്വേഷിച്ചത്.

എന്നാല്‍, മൈക്രോ ഫിനാന്‍സ് വായ്പകളായി നല്‍കിയ പണം സര്‍ക്കാരിലേക്ക് തിരികെ അടച്ചുവെന്നും താഴേതട്ടിലേക്ക് പണം നല്‍കിയതില്‍ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ് വിജിലന്‍സിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍. 54 കേസിലും അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ റിപ്പോര്‍ട്ടുകളും വൈകാതെ കോടതിയിലെത്തും. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം എവിടെയും എത്താതെ നില്‍ക്കുമ്പോള്‍ വി എസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വെള്ളാപ്പള്ളിക്കെതിരെ തെളിവുണ്ടെന്നും കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും ആദ്യ ഘട്ടത്തിലറിയിച്ച വിജിലന്‍സാണ് ഇപ്പോള്‍ തെളിവില്ലെന്ന് കോടതിയെ അറിയിച്ച് വെള്ളാപ്പള്ളിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്.

Share this Article

Leave a Comment