തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയതോടെ നിരാഹാരം അവസാനിപ്പിച്ച് കോണ്‍ഗ്രസ്. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാരം സമരം തുടങ്ങിയിട്ട് ഇന്ന് ആറാമത്തെ ദിവസമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍, കെഎസ്യു അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ എന്നിവരാണ് നിരാഹരമനുഷ്ടിച്ചത്.
അന്വേഷണം സിബിഐക്ക് വിട്ടതില്‍ ആശ്വസിക്കുന്നുവെന്നും ഇനി ഇങ്ങനെയൊരു സിദ്ധാര്‍ത്ഥന്‍ ഉണ്ടാവില്ലെന്ന് വീണയുടെയും വിവേകിന്റെയും പിതാവായ പിണറായി വിജയന്‍ ഉറപ്പ് നല്‍കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട് വായിച്ചു. എങ്ങനെയാണ് മനുഷ്യര്‍ക്ക് ഇങ്ങനെ ചെയ്യാനാവുകയെന്നാണ് തോന്നിയത്. സമരം വിജയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു.