മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് മണിക്കൂറുകള്‍ക്ക് പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലെത്തി. 12 ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളതെന്നും അവര്‍ സെര്‍ച്ച് വാറന്റുമായി വസതിക്കുള്ളിലാണെന്നും വൃത്തങ്ങള്‍ അറിയിച്ചു. കെജ്രിവാളിന്റെ വീട്ടിലേക്കുള്ള വഴികള്‍ ഡല്‍ഹി പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരിക്കുകയാണ് ഇപ്പോള്‍.
കേസില്‍ സമന്‍സ് അയക്കാനാണ് കെജ്രിവാളിന്റെ വസതിയില്‍ പോയതെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നിരുന്നാലും, ഉദ്യോഗസ്ഥര്‍ക്ക് സെര്‍ച്ച് വാറണ്ട് ഉണ്ടെന്നും കെജ്രിവാളിന്റെ വസതിയില്‍ റെയ്ഡ് നടക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കെജ്രിവാളിനെ ചോദ്യം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ ഏജന്‍സിയുടെ ഒന്നിലധികം സമന്‍സുകള്‍ മുഖ്യമന്ത്രി ഒഴിവാക്കിയിരുന്നു. വീടിന് പുറത്ത് വന്‍ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.