Newsperseconds.com

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വന്‍ തിരിച്ചടി; ആക്ഷേപ ഹര്‍ജി കോടതി അംഗീകരിച്ചു; തുടരന്വേഷണത്തിന് ഉത്തരവ്

Vellappally.1.2572035

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളില്‍ ഒന്നായ മൈക്രോ ഫിനാന്‍സ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വന്‍ തിരിച്ചടി. മൈക്രോ ഫിനാന്‍സ് അഴിമതി കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ് നല്‍കി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എംവി രാജാ കുമാര. അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സിന് നല്‍കിയ നിര്‍ദ്ദേശം.

തെളിവില്ലെന്ന് ചൂണ്ടികാട്ടി വിജിലന്‍സ് കേസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ വിജിലന്‍സ് കോടതി വി എസ് അച്യുതാനന്ദന് നോട്ടീസ് അയച്ചിരുന്നു. വിഎസ് കോടതിയില്‍ ആക്ഷേപ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. എസ്എന്‍ഡിപി യൂണിയന്‍ ശാഖകള്‍ വഴി നടത്തിയ മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ 15 കോടിയിലധികം കോടിയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വി എസിന്റെ പരാതി. പിന്നോക്ക ക്ഷേമ കോര്‍പറേഷനില്‍ നിന്നെടുത്ത വായ്പ വലിയ പലിശ നിരക്കില്‍ താഴേക്ക് നല്‍കി തട്ടിപ്പ് നടത്തിയെന്നും പരാതിയില്‍ ചൂണ്ടികാട്ടിയിരുന്നു.

എന്നാല്‍, പണം നല്‍കി എന്ന് പറയുന്ന വ്യക്തികള്‍ക്ക് പണം ശരിക്കും ലഭിച്ചിരുന്നോ, ഇവര്‍ ഇത്തരം അപേക്ഷ നല്‍കിയിരുന്നോ എന്നീ മേഘലകളില്‍ അന്വേഷണം നടത്തിയിട്ടില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ആക്ഷേപ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് അവസാനിപ്പിച്ചു കൊണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവ് നല്‍കി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മുന്‍ പ്രസിഡന്റ് എംഎന്‍ സോമന്‍, പിന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ മുന്‍ ഡയറക്ര്‍ ദിലീപ് കുമാര്‍ എന്നിവരാണ് പ്രതികള്‍. മൂന്നാം പ്രതി കെ കെ മഹേശന്‍ മരണപ്പെട്ടു നാലാം പ്രതിയും റിട്ട. എംഡിയുമായ എം നജീബിനെതിരായ നടപടി ഹൈക്കോടതി അവസാനിപ്പിച്ചിരുന്നു.

വിഎസ് നല്‍കിയ സ്വകാര്യ ഹര്‍ജിയില്‍ വിജിലന്‍സ് കോടതി 2016 ജനുവരി 20 നാണ് അന്വേഷണത്തിന് ഉത്തരവ് നല്‍കിയിരുന്നത്. എട്ട് വര്‍ഷം കഴിഞ്ഞിട്ടാണ് കേസില്‍ തുടരന്വേഷണത്തിന് ഉത്തവ് നല്‍കുന്നത്. മൈക്രോ ഫിനാന്‍സ് വായ്പകളായി നല്‍കിയ പണം സര്‍ക്കാരിലേക്ക് തിരികെ അടച്ചുവെന്നും താഴേതട്ടിലേക്ക് പണം നല്‍കിയതില്‍ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍.

Share this Article

Leave a Comment