തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 78.69 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. 82.95 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാളും 4.26 ശതമാനത്തിന്റ കുറവ്. 4,41,120 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇവരില്‍ 2,94,888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. സയന്‍സ് വിഭാഗത്തില്‍ 84.84%, ഹ്യുമാനിറ്റീസ് 67.09%, കൊമേഴ്സ് 76.11% എന്നിങ്ങനെയാണ് വിജയശതമാനം.
39,242 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷത്തെ ഫുള്‍ എ പ്ലസിന്റെ എണ്ണം 33815 ആയിരുന്നു. ഇത്തവണ 5427 വര്‍ധനയുണ്ടായി. വിജയശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളമാണ്. വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല വയനാട് ആണ്. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ ഏഴെണ്ണത്തിന് മാത്രമേ ഫുള്‍ എപ്ലസ് ഉള്ളൂ. ഇതില്‍ പരിശോധന ആവശ്യമാണെന്നും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. 29,300 വിദ്യാര്‍ത്ഥികളാണ് വിഎച്ച്എസ്ഇ പരീക്ഷ എഴുതിയത്. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയില്‍ മുന്‍വര്‍ഷത്തേക്കാളും വിജയം കുറവാണ്. ഇത്തവണ വിജയശതമാനം 71.42% ആണ്. മുന്‍വര്‍ഷം ഇത് 78.39% ആയിരുന്നു. ഇത്തവണ 6.97% കുറവുണ്ടായി.
പരീക്ഷയില്‍ വിജയം കൈവരിച്ച എല്ലാ വിദ്യാര്‍ത്ഥികളേയും മന്ത്രി അനുമോദിച്ചു. പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാരെയും മന്ത്രി പ്രശംസിക്കുകയും ചെയ്തു. നാലുമണി മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരീക്ഷഫലം ലഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടിപറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകരാണ് പരീക്ഷ മൂല്യനിര്‍ണ്ണയം പൂത്തിയാക്കിയത്. ഏപ്രില്‍ മൂന്ന് മുതല്‍ 24 വരെയാണ് ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം നടന്നത്. കഴിഞ്ഞ വര്‍ഷം മെയ് 25നായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ നേരത്തേയാണ്. ഫലമറിയുന്നതിനായി വിപുലമായ സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.
ഫലപ്രഖ്യാപനത്തിനായി വിദ്യാഭ്യാസ വകുപ്പ് സജ്ജമാക്കിയ വെബ്‌സൈറ്റുകള്‍ www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നിവയാണ്. കൂടാതെ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലും റിസള്‍ട്ട് ലഭ്യമാകും. നിര്‍ഭാഗ്യവശാല്‍ പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ നിരുത്സാഹപ്പെടരുതെന്നും ജൂണ്‍ 12 മുതല്‍ 20 വരെ സേ പരീക്ഷ ആണെന്നും മന്ത്രി അറിയിച്ചു.