ലഖ്നൗ: സീതാപൂര്‍ ജില്ലയിലെ രാംപൂര്‍ മഥുര താന പ്രദേശത്തെ പലാപൂര് ഗ്രാമത്തില്‍ ശനിയാഴ്ച ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ യുവാവ് കുടുംബത്തെ കൂട്ടമായി കൊല ചെയ്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. അനുരാഗ് സിംഗ് (42) പല്ഹാപൂരിലെ വീട്ടില്‍ വച്ച് ജീവനൊടുക്കുന്നതിന് മുമ്പാണ് തന്റെ കുടുംബത്തെ മുഴുവന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ആദ്യം അമ്മ സാവിത്രിയെ (65) വെടിവച്ചു കൊന്നു. പിന്നീട് ഭാര്യ പ്രിയങ്കയെ (40) കത്തി കൊണ്ട് വെട്ടിവീഴ്ത്തി. തുടര്‍ന്ന് 12, 9, 6 വയസ്സ് പ്രായമുള്ള മൂന്ന് മക്കളെ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി. പിന്നീട് ഇയാള്‍ സ്വയം വെടിവെച്ച് മരിച്ചു. വിവിധ ലഹരിക്കടിമയായ യുവാവിനെ ലഹരിമുക്ത കേന്ദ്രത്തില്‍ ആക്കണമെന്ന് പറഞ്ഞ് കുടുംബം പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.