ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ രാത്രി നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തതായി സൈന്യം അറിയിച്ചു. കശ്മീരില്‍ 24 മണിക്കൂറിനിടെയുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. കൊവൂട്ട്, കുപ്വാര പൊതുമേഖലയില്‍ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരമനുസരിച്ച് ആര്‍മി തിരച്ചില്‍ ആരംഭിച്ചിരുന്നു.
ഇതിനിടെ ഭീകരര്‍ സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകര്‍ത്തിരുന്നു. ഏറ്റുമുട്ടലിനിടെ ഒരു സൈനികനും മരിച്ചിരുന്നു.