Newsperseconds.com

രക്ഷാപ്രവര്‍ത്തനം ധ്രുതഗതിയിലാക്കാന്‍ ബെയ്‌ലി പാലം; സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയര്‍ ഗ്രൂപ്പിന് നന്ദി പ്രവാഹം

Capture

വയനാട്ടില്‍ നൂറുകണക്കിനാളുകളുടെ ജീവനെടുത്ത മഹാദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം ധ്രുതഗതിയിലാക്കാന്‍ സൈന്യം സജ്ജീകരിച്ച ബെയ്‌ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഇനി ദുരന്തബാധിത പ്രദേശത്ത് മണ്ണും ചെളിയും മാറ്റിയുള്ള രക്ഷാദൗത്യത്തിനായി വേഗത്തില്‍ കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനാകും. സൈന്യത്തിന്റെ ട്രക്ക് ഓടിച്ചാണ് പാലത്തിന്റെ ബലം പരീക്ഷിച്ചത്. ബുധനാഴ്ച്ച നിര്‍മ്മാണം ആരംഭിച്ച പാലത്തിന്റെ നിര്‍മ്മാണം ഇന്ന് വൈകിട്ട് 5. 50ഓടെയാണ് പൂര്‍ത്തിയായത്.

ചൂരല്‍മലയിലാണ് ബെയ്‌ലി പാലം നിര്‍മ്മിച്ചത്. മുണ്ടക്കൈയിലേക്കുള്ള പ്രവേശന മാര്‍ഗമായ ഏക പാലം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തകര്‍ന്നിരുന്നു. ഉരുള്‍ പൊട്ടലില്‍ പാലം തകര്‍ന്നത് രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. എന്നാല്‍ പ്രതികൂല കാലാവസ്ഥയിലും രാത്രി ഏറെ വൈകിയും രണ്ട് ദിവസം കൊണ്ടാണ് സൈന്യം പാലം നിര്‍മ്മിച്ചത്. കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേനയിലെ (ഡിഎസ്സി) ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവത് ആണ് നിര്‍മ്മാണ ബെയ്‌ലി പാലത്തിന്റെ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. 17 ട്രക്കുകളിലായാണ് പാലം നിര്‍മ്മാണത്തിന്റെ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിച്ചത്. ബ്രിട്ടീഷുകാരന്റെ കണ്ടുപിടുത്തമായ ഈ പാലം ലോകമെങ്ങുമുള്ള ദുരിതബാധിത മേഖലകളിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇന്ന് വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

പാലം നിര്‍മിച്ചത് ബെംഗളൂരുവില്‍നിന്നുള്ള സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയര്‍ ഗ്രൂപ്പ് (MEG) ആണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്ന എഞ്ചിനീയറിങ് വിഭാഗമാണ് മദ്രാസ് സാപ്പേഴ്സ് എന്ന് അറിയപ്പെട്ടുന്ന ഇവര്‍. പ്രത്യേക പരിശീലനം ലഭിച്ച ഇവര്‍ യുദ്ധമുഖത്ത് ആദ്യമെത്തി സൈന്യത്തിന് വഴിയൊരുക്കുക, പാലങ്ങള്‍ നിര്‍മിക്കുക, കുഴി ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുക തുടങ്ങിയവയാണ് ചെയ്യുന്നത്. വലിയൊരു ദൗത്യമാണ് സംഘം വയനാട്ടില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ഏറ്റവും നിര്‍ണ്ണായകം ഈ ബെയ്‌ലി പാലം തന്നെയാണ്.

Share this Article

Leave a Comment