തിരുവനന്തപുരം: പതിനഞ്ചു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 86 വര്‍ഷം കഠിന തടവും, 2 ലക്ഷം രുപ പിഴയും ശിക്ഷ വിധിച്ചു. മാങ്കോട് സ്വദേശി സിദ്ദിഖ് (25) നെയാണ് കോടതി കഠിന തടവിന് ശിക്ഷിച്ചത്. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം പി ഷിബുവാണ് ശിക്ഷ വിധിച്ചത്. വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച വിവരം മറച്ചുവച്ച രണ്ടാം പ്രതിയായ മറ്റൊരു അധ്യാപകന്‍ മുഹമ്മദ് ഷമീറിന് ആറുമാസം തടവും 10,000 രൂപ പിഴയും കോടതി വിധിച്ചു.
2023 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ച് കുട്ടികളാണ് പ്രതികള്‍ക്കെതിരെ നെടുമങ്ങാട് പോലീസില്‍ പരാതി കൊടുത്തിരുന്നത്. എന്നാല്‍ വിചാരണ തുടങ്ങിയപ്പോള്‍ പ്രതികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് മറ്റു നാലു കുട്ടികള്‍ മൊഴി മാറ്റി. ഒരു കുട്ടി മാത്രം മൊഴിയില്‍ ഉറച്ചു നിന്നു. ഇതോടെയാണ് പ്രതി ശിക്ഷിക്കപ്പെട്ടത്. കേസില്‍ നിന്നും രക്ഷപ്പെടാനായി പ്രതി വ്യാജ ചികിത്സ രേഖകള്‍ ഹാജരാക്കിയതായും പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചു.
പരാതി നല്‍കി 9 മാസത്തിനകം പ്രതികളെ ശിക്ഷിച്ചു എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. താന്‍ അപകടത്തില്‍പെട്ട് കിടപ്പിലായിരുന്നുവെന്നും ഈ കുറ്റകൃത്യം ചെയ്തില്ലെന്നും ചികിത്സാ രേഖകള്‍ ഹാജരാക്കി പ്രതി കോടതിയില്‍ മൊഴി നല്‍കി. എന്നാല്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജരേഖകള്‍ ഹാജരാക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.