ജയ്പൂര്‍: പതിനാല് മാസം മുമ്പ് തട്ടിക്കൊണ്ടു പോയ കുട്ടിയും പ്രതിയും തമ്മിലുള്ള വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പൊലീസ്. വിചിത്രമായൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 14 മാസം മുമ്പാണ് പൃഥ്വി എന്ന കുട്ടിയെ പ്രതിയായ തനൂജ് തട്ടിക്കൊണ്ടു പോയത്. പ്രതിക്കായുള്ള തിരച്ചില്‍ മാസങ്ങളായി നടക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോകുമ്പോള്‍ പൃഥിക്ക് 11 മാസമായിരുന്നു പ്രായം. തനൂജില്‍ നിന്ന് പൃഥ്വിയെ പോലീസിന് വേര്‍പിരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം.
രാജസ്ഥാന്‍ പോലീസ് കുട്ടിയെ കണ്ടെത്തി പ്രതിയില്‍ നിന്ന് വേര്‍പെടുത്താന്‍ ശ്രമിച്ചപ്പോള്‍ കുട്ടി കരയാന്‍ തുടങ്ങി. നിഷ്‌കളങ്കനായ കുട്ടി തട്ടിക്കൊണ്ടുപോയയാളെ മുറുകെപ്പിടിച്ച് ഉറക്കെ കരയുന്നതും അവനെ വിട്ടയക്കാന്‍ വിസമ്മതിക്കുന്നതും ഹൃദയഭേദകമായ വീഡിയോ കാണിക്കുന്നു. കുട്ടിയുടെ അവസ്ഥ തട്ടിക്കൊണ്ടുപോയ ആളെയും വികാരാധീനനാക്കി. കുട്ടിയുടെ കരച്ചില്‍ കേട്ട് പ്രതിയും കരയുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പൊലീസ് ഓഫീസര്‍ പ്രതിയില്‍ നിന്നും കുട്ടിയെ പിടിച്ച് വാങ്ങി മാതാവിന്റെ കൈകളിലേക്ക് കൊടുക്കുമ്പോഴും കുട്ടി കരയുകയായിരുന്നു. ജയ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള വിഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
തനൂജിനെ അമര്‍ത്തി കെട്ടിപ്പിടിച്ച് ഉച്ചത്തില്‍ കരയുന്ന കുട്ടിയെ വിഡിയോയില്‍ കാണാം. കേസില്‍ 25,000 രൂപ ഇയാളുടെ തലക്ക് പൊലീസ് ചുമത്തിയിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ വൃന്ദാവനില്‍ യമുനാ നദിക്കടുത്ത് സ്ഥിതി ചെയ്യുന്ന ഖദേര്‍ പ്രദേശത്ത് ഒരു കുടിലില്‍ സന്യാസിയായാണ് ഇയാള്‍ ജീവിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍.