പഞ്ചാബ് ഗവർണറെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലിൽ ഒപ്പിടാത്തതിനെ തുടർന്നാണ് ഗവർണർക്ക് നേരെ സുപ്രിംകോടതി വിമർശനമുന്നയിച്ചത്. പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് തീകൊണ്ട് കളിക്കുന്നുവെന്ന് കോടതി വിമർശിച്ചു. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പാസാക്കിയ ബില്ലാണെന്നും അത് നിരാകരിക്കരുതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു. ആംആദ്മി പാർട്ടി സർക്കാരാണ് ഗവർണർക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
നിയമസഭ പാസാക്കിയ ഏഴ് ബില്ലുകളിൽ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കാൻ കഴിഞ്ഞ ദിവസം കോടതി ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. തെലങ്കാന സർക്കാരും നേരത്തെ കോടതിയെ സമീപിച്ചിരുന്നു. കേരള, തമിഴ്നാട്, ബംഗാൾ സർക്കാരുകളും സമാനമായ പ്രശ്നം നേരിടുന്നുണ്ട്. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർ നടപടിക്കെതിരെ കേരളവും തമിഴ്നാടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.