തൃശൂര്‍: നാട്ടികയില്‍ തടിലോറി പാഞ്ഞുകയറി അഞ്ച് പേരുടെ മരണത്തിനിടയായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. തൃശൂര്‍ ജില്ലാ പൊലീസ് മേധാവി (റൂറല്‍) സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ഉത്തരവിട്ടു. കമ്മീഷന് അംഗം വി കെ ബീനാകുമാരിയാണ് റൂറല്‍ എസ്പിക്ക് നിര്‍ദ്ദേശം നല്‍കിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന തടിലോറിയാണ് റോഡരികില്‍ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. മദ്യലഹരിയിലാണ് അപകടം സംഭവിച്ചതെന്ന് ക്ലീനര്‍ മൊഴിനല്‍കി. ഡ്രൈവര്‍ ജോസിനും ക്ലീനര്‍ അലക്സിനുമെതിരെ മനപൂര്‍വ്വമായ നരഹത്യക്കുറ്റം ചുമത്തി കേസെടുത്തു.