അയോഗ്യത ഭീഷണി നിലനിൽക്കുന്നതിനിടെ ലോക്സഭയിലേക്ക് വീണ്ടും മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് എംപി മെഹുവ മൊയിത്ര. ഭൂരിപക്ഷം നിലനിർത്തുമെന്നും മെഹുവ മൊയിത്ര ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചോദ്യക്കോഴ വിവാദത്തിൽ പാർലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ട് ചോർന്നതിൽ മെഹുവ മൊയിത്ര സ്പീക്കർക്ക് പരാതി നൽകി.
കൃഷ്ണ നാഗർ മണ്ഡലത്തിൽ നിന്നു തന്നെ വീണ്ടും ജനവിധി തേടുമെന്നും ഭൂരിപക്ഷം വർധിപ്പിക്കുമെന്നുാണ് മെഹുവയുടെ പ്രഖ്യാപനം. ചോദ്യക്കോഴ വിവാദത്തിൽ മമത ബാനർജി മൗനം തുടരുന്നതിനിടെയാണ് മെഹുവ സ്വയം പ്രതിരോധം തീർക്കുന്നത്. തൃണമൂൽ കോൺഗ്രസിൽ നിന്ന് അഭിഷേക് ബാനർഡി കുനാൽ ഘോഷ് തുടങ്ങിയ നേതാക്കൾ മാത്രമാണ് മെഹുവയെ പിൻതുണച്ച് രംഗത്ത് എത്തിയത്. മത്സരിക്കുമെന്ന മെഹുവയുടെ സ്വയം പ്രഖ്യാപനത്തിൽ തൃണമൂൽ കോൺഗ്രസിനകത്ത് അതൃപ്തിയുണ്ട്. അതിനിടെ എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിലെ വിശദാംശങ്ങൾ ചോർന്നതിനെതിരെ മെഹുവ മൊയിത്ര എംപി ലോക്സഭാ സ്പീക്കർക്ക് കത്തയച്ചു. അദാനിയുടെ ഉടമസ്ഥതയിലുള്ള ചാനലിലേക്ക് വിവരങ്ങൾ ചോർന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും ലോക്സഭാ നടപടികക്രമങ്ങളുടെ തകർച്ചയാണിതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. തന്റെ പരാതികളിലെ സ്പീക്കറുടെ നിഷ്ക്രിയത്വം ദൗർഭാഗ്യകരമെന്നും മെഹുവ മൊയ്ത്ര വ്യക്തമാക്കി.