കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കൊച്ചിനഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കുക.1000 പൊലീസുകാരെ ഫോര്‍ട്ട് കൊച്ചി മേഖലയില്‍ മാത്രം വിന്യസിക്കുമെന്നു കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് കൊച്ചിയിലെത്തുന്നവര്‍ക്ക് പാര്‍ക്കിങ്ങിനു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ബീച്ചിലും പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗാന്ധി റോഡ്- വലിയങ്ങാടി ജംഗ്ഷന്‍ വരെ ഗതാഗതം അനുവദിക്കില്ല. അഞ്ച് മണിക്ക് ശേഷം ബീച്ചില്‍ വരുന്നവര്‍ വാഹനങ്ങള്‍ പുറത്തെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തണം. ബീച്ചില്‍ എത്തുന്നവര്‍ രാത്രി ഒരു മണിക്കുള്ളില്‍ മടങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്.
അതേ സമയം, ഫോര്‍ട്ട് കൊച്ചിയിലെ രണ്ട് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കുന്നതിനാല്‍ വന്‍ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഫോര്‍ട്ട് കൊച്ചിയിലേക്ക് നേരിട്ട് ബസ് സര്‍വീസ് വൈകിട്ട് നാല് മണി വരെ മാത്രമേ ഉണ്ടാകുകയുള്ളു. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ സ്‌ക്വാഡ് രൂപീകരിക്കും. പപ്പാഞ്ഞിയെ കത്തിക്കുന്ന വെളി ഗ്രൗണ്ടില്‍ പൊലീസ് കണ്‍ട്രോള്‍ റൂം ഉണ്ടായിരിക്കുമെന്നും കോസ്റ്റല്‍ പൊലീസും നിരീക്ഷണത്തിനുണ്ടാകുമെന്നും കമ്മീഷണര്‍ പറഞ്ഞു.
ഫോര്‍ട്ട് കൊച്ചി ഏഴ് മണിവരെ റോ-റോ സര്‍വീസ് ഉണ്ടാകുയുള്ളു. ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള വാട്ടര്‍ മെട്രോ സര്‍വീസും ഏഴു മണിവരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കു ശേഷം തിരിച്ചു പോകുന്നവര്‍ക്കായി ഗതാഗത സംവിധാനം ഒരുക്കാന്‍ ശ്രമിക്കുന്നുണ്ട്.