കേരള സർക്കാരിന്റെയും കേരള പൊലീസിന്റെയും കമ്മിറ്റ്മെന്റിന്റെ റിസൾട്ടാണ് ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിനെ വധശിക്ഷയിലേക്ക് നയിച്ചതെന്ന് എഡിജിപി എം ആർ അജിത് കുമാർ. ഇതിന് സമൂഹം തന്നെ മുന്നിട്ടിറങ്ങി. കൂടെ പ്രവർത്തിച്ചവർക്ക് നന്ദിയെന്നും എം ആർ അജിത് കുമാർ പറഞ്ഞു.
വളരെ വേഗത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ സഹായിച്ചത് നാട്ടുകാരാണ്. നാട്ടുകാർ സഹായിച്ചില്ലെങ്കിൽ ഒരുപക്ഷെ പ്രതി നാടുവിട്ടേനെ. കേരളം സമൂഹം ഒന്നാകെ കൂടെ നിന്നുവെന്നും കേരള പൊലീസിനെ സംബന്ധച്ച് ഇത് അഭിമാന നേട്ടമാണെന്നും എഡിജിപി എം ആർ അജിത് കുമാർ വ്യക്തമാക്കി. ഇദ്ദേഹം ഇതിന് മുമ്പും ഒരുപാട് കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രതിക്ക് പരമാവധി ശിക്ഷ നൽകിയതിൽ കോടതിയോട് നന്ദി അറിയിക്കുന്നുവെന്നും എഡിജിപി വ്യക്തമാക്കി.
പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയുൾപ്പെടെ ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ 13 വകുപ്പുകളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു. ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി, പിന്നീട് മൃതദേഹം ആലുവ മാർക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു പ്രതി അസ്ഫാക് ആലം.
പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും അതിവേഗ വിചാരണയിൽ തെളിഞ്ഞു. പ്രതി മുൻപും സമാന കുറ്റകൃത്യം നടത്തിയത് കൂടി കണക്കിലെടുത്താണ് മാപ്പർഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തി ശിക്ഷ വിധിച്ചത്. പ്രതിക്ക് യാതൊരു മാനസാന്തരവും സംഭവത്തിന് ശേഷം ഉണ്ടായില്ലെന്നതും വധശിക്ഷ നൽകുന്നതിലേക്ക് കോടതിയെ നയിച്ചു.