കോഴിക്കോട്: നരിക്കുനി സ്‌കൂളില്‍ സ്റ്റാഫ് മീറ്റിങ്ങിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് അധ്യാപകര്‍ക്ക് പരിക്ക്. പാലത്ത് എരവന്നൂര്‍ എയുപി സ്‌കൂളിലാണ് അധ്യാപകര്‍ തമ്മില്‍ കൂട്ടത്തല്ല് ഉണ്ടായത്. പരിക്കേറ്റ അധ്യാപകരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അധ്യാപകര്‍ തമ്മിലുള്ള കൂട്ടത്തല്ലിന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കുട്ടികള്‍ക്ക് അറിവ് പകരുകയും സമൂഹമാകെ ബഹുമാനിക്കുന്നവരുമായ അധ്യാപകര്‍ തന്നെ തമ്മിലടിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ ആകെ നെഗറ്റീവ് കമന്റുകളാണ്.
സ്റ്റാഫ് മീറ്റിംഗിനിടെ അധ്യാപകര്‍ തമ്മിലുള്ള കയ്യാങ്കളി എന്നു പറഞ്ഞാണ് കൂട്ടത്തല്ലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. എരവന്നൂര്‍ എയുപി സ്‌കൂളില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ സ്‌കൂളിലെ വിദ്യാര്‍ഥികളെ മദ്ദിച്ചെന്ന പേരില്‍ പരാതിയുണ്ടായിരുന്നു. ഇത് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ എന്‍ടിയുവിന്റെ ജില്ലാ നേതാവു കൂടിയായ ഷാജി യോഗത്തിലേക്കു തള്ളിക്കയറി വരികയായിരുന്നു. എരവന്നൂര്‍ സ്‌കൂളിലെ അധ്യാപികയായ ഭാര്യ സുപ്രീനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയതായിരുന്നു മറ്റൊരു സ്‌കൂളിലെ അധ്യാപകനായ ഷാജി. ഇയാള്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേരുന്നതിനിടെ ആക്രമിച്ചെന്നാണ് മറ്റ് അധ്യാപകര്‍ ആരോപിക്കുന്നത്. എന്നാല്‍ അധ്യാപകര്‍ തങ്ങളെ ആക്രമിച്ചെന്നാണ് സുപ്രീനയുടേയും ഭര്‍ത്താവിന്റേയും ആരോപണം.
അധ്യാപകസംഘടനയായ എന്‍ടിയുവിന്റെ കൊടുവള്ളി ഉപജില്ലാ കമ്മിറ്റി ഭാരവാഹിയായ സുപ്രീന, ഇവരുടെ ഭര്‍ത്താവും മറ്റൊരു സ്‌കൂളിലെ അധ്യാപകനുമായ ഷാജി, എരവന്നൂര്‍ സ്‌കൂളിലെ മറ്റ് അധ്യാപകരായ പി ഉമ്മര്‍, വി വീണ, കെ മുഹമ്മദ് ആസിഫ്, അനുപമ, ജസീല എന്നിവര്‍ക്കാണ് പരിക്കേറ്റത്.