Newsperseconds.com

ബഹുഭാര്യത്വം സമ്പൂര്‍ണമായി നിരോധിക്കും; എല്ലാവര്‍ക്കും ദത്തെടുക്കാനുള്ള അവകാശം; ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ഉടന്‍ പ്രാബല്യത്തില്‍ വരും

Capture

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡിന്റെ അന്തിമ കരട് ഉത്തരാഖണ്ഡ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ബില്‍ പാസാക്കുകയും നിയമം നടപ്പാക്കുകയും ചെയ്താല്‍ സ്വാതന്ത്ര്യാനന്തരം ഏകീകൃത സിവില്‍ കോഡ് സ്വീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. അസമും മധ്യപ്രദേശും ഉള്‍പ്പെടെയുള്ള മറ്റ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും സമാനമായ നിയമം കൊണ്ടുവരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു.

എന്നാല്‍, ബില്ലിനെ എതിര്‍ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പ്രതിപക്ഷ നേതാവ് യശ്പാല്‍ ആര്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഭയില്‍ പ്രതിഷേധം സംഘടിപ്പിക്കും. അതേ സമയം, ഇന്നലെ ഏകീകൃത സിവില്‍ കോഡ് ബില്ലില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ ഉത്തരാഖണ്ഡിലെ മുസ്ലിം സംഘടനകളും എതിര്‍ക്കുകയാണ്.

ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിക്കുന്ന കരട് ബില്ലില്‍ ബഹുഭാര്യത്വം സമ്പൂര്‍ണമായി നിരോധിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. ലിവ്-ഇന്‍ ദമ്പതികള്‍ക്ക് അവരുടെ ബന്ധം രജിസ്റ്റര്‍ ചെയ്യാനുള്ള വ്യവസ്ഥയും ഉണ്ട്. എല്ലാവര്‍ക്കും ദത്തെടുക്കാനുള്ള അവകാശം ലഭിക്കുമെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്. ബില്‍ പാസായാല്‍ മകനും മകള്‍ക്കും തുല്യമായ അനന്തരാവകാശം നല്‍കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

സമൂഹത്തിന്റെ വിവിധ കോണുകളിലുള്ള രണ്ട് ലക്ഷത്തിലധികം പേരുമായി സംസാരിച്ചതിന് ശേഷമാണ് സമിതി കരട് തയ്യാറാക്കിയത്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ അടക്കമുള്ള വ്യക്തിപരമായ കാര്യങ്ങളില്‍ മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ലാത്ത പൊതു നിയമങ്ങള്‍ കൊണ്ടുവരികയെന്നതാണ് ഏകീകൃത സിവില്‍ കോഡുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി രൂപീകരിച്ച സമിതിയാണ് ഈ വര്‍ഷം ആദ്യം കരട് തയ്യാറാക്കിയത്.

Share this Article

Leave a Comment