Newsperseconds.com

കട്ടപ്പന ഇരട്ടക്കൊലപാതകം; വിജയനെ കൊന്നതില്‍ ഭാര്യക്കും പങ്ക്; കുഞ്ഞിനെ കുഴിച്ചിട്ടത് തൊഴുത്തില്‍; ഇന്ന് തറ പൊളിച്ച് പരിശോധന

Capture

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. നവജാത ശിശുവിനെയും പിതാവ് വിജയനെയും കൊലപ്പെടുത്തിയതാണെന്ന് പ്രതികള്‍ സമ്മതിച്ചു. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് വിജയനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നത്. വിജയനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ പ്രതികളാണ്. നിതീഷ്, വിജയന്റെ ഭാര്യ സുമ, മകന്‍ വിഷ്ണു എന്നിവരാണ് പ്രതികള്‍.

വിഷ്ണുവിന്റെ സഹോദരിയുടെ നവജാത ശിശുവിനെയാണ് സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയത്. അവിവാഹിതയായ യുവതിക്ക് നിതീഷിലുണ്ടായ കുഞ്ഞിനെ നാണക്കേട് മറയ്ക്കാനാണ് കൊന്നത്. കുഞ്ഞിനെ കൊന്നതില്‍ പിതാവ് വിജയനും പങ്കുണ്ട്. കുഞ്ഞിനെ കൊല്ലാന്‍ വിജയനാണ് കാലില്‍ പിടിച്ചു കൊടുത്തത്. തുടര്‍ന്ന് നിതീഷ് മൂക്കും വായും തുണി കൊണ്ട് മൂടി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ശേഷം കുഞ്ഞിന്റെ മൃതദേഹം പഴയവീട്ടിലെ തൊഴുത്തില്‍ മറവു ചെയ്തു.

കുഞ്ഞിന്റെ മൃതദേഹം മറവു ചെയ്യാന്‍ വിഷ്ണുവും സഹായിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിജയനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കട്ടപ്പന കക്കാട്ട് കടയിലെ വീടിന്റെ തറ കുഴിച്ചുള്ള പരിശോധനയും ഇന്നുണ്ടാകും. എട്ടു മാസങ്ങള്‍ക്കു മുമ്പാണ് വിജയനെ കാണാതാവുന്നത്. നവജാത ശിശുവിനെ 2016ല്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണ് നിതീഷ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

Share this Article

Leave a Comment