കോഴിക്കോട്: പേരാമ്പ്രയിലെ അനുകൊലക്കേസില്‍ പ്രതി മുജീബിന്റെ വീട്ടില്‍ പൊലീസെത്തുന്നതിന് മുമ്പ് തെളിവ് നശിപ്പിക്കാന്‍ ഭാര്യയുടെ ശ്രമം. മുജീബ് സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തേടിയാണ് മുജീബ് റഹ്മാന്റെ വീട്ടില്‍ പൊലീസെത്തിയത്. എന്നാല്‍ പോലീസ് എത്തിയ വിവരമറിഞ്ഞ് മുജീബിന്റെ ഭാര്യ വസ്ത്രങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് മുജീബിന്റെ ഭാര്യയെ തടഞ്ഞു പരിശോധിച്ചപ്പോഴാണ് കൊല നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങള്‍ കണ്ടെടുത്തത്. സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ ധരിച്ച പാന്റ് നനഞ്ഞതായി കണ്ടതോടെയാണ് അന്വേഷണം മുജീബിലേക്കെത്തിയത്.
അനുവിനെ കാണാതായി 24 മണിക്കൂറിന് ശേഷം വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള തോട്ടില്‍ നിന്നാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുട്ടിന് താഴെ മാത്രം വെള്ളമുള്ള സ്ഥലത്ത് അര്‍ധ നഗ്നയായാണ് മൃതദേഹം കിടന്നത്. ഇതോടെ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് പോലീസ് പറഞ്ഞു. സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തില്‍ ചുവന്ന ബൈക്കില്‍ ഒരാള്‍ കറങ്ങിയത് കണ്ടെന്ന് നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയതോടെ ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശി മുജീബ് റഹ്മാന് പിടിയിലായത്.