ആലപ്പുഴ: സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം. ഇനിയും ഉയര്‍ന്ന ശക്തമായ തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയില്‍ ശക്തമായ വേലിയേറ്റം ഉണ്ടാകുന്നതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചേര്‍ത്തല പള്ളിപ്പുറം മേഖലകളില്‍ കടലാക്രമണം ശക്തമാണ്. വേലിയേറ്റമാണ് കടലാക്രമണത്തിന് കാരണമെന്നാണ് പറയുന്നത്.

ഇന്ന് ഉച്ചയോടെയാണ് കടലാക്രമണം തുടങ്ങിയത്. ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിലാണ് കടലാക്രമണം. പൂന്തുറയില്‍ വള്ളങ്ങള്‍ കൂട്ടിയിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞ തീരത്തും കടലാക്രമണം ശക്തമായി. തീരത്തു വെച്ചിരുന്ന നാല് മത്സ്യ ബന്ധന വളളങ്ങള്‍ തകര്‍ന്നു. വള്ളം എടുത്തു മാറ്റാനുള്ള സാവകാശം ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് നഷ്ടം നേരിട്ടത്.

ശക്തമായി തിരയടിച്ച് വള്ളങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. അഞ്ചുതെങ്ങ്, വര്‍ക്കല മേഖലകളില്‍ ശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരത്ത് പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, തൂമ്പ എന്നിവിടങ്ങളിലെല്ലാം കടല്‍ കയറി. ശക്തമായ തിരമാലകളും കാറ്റും ഇവിടങ്ങളില്‍ അനുഭവപ്പെടുന്നുണ്ട്. കൊല്ലംകോട് നിന്നും നീരോടിയിലേക്കുള്ള ഭാഗത്തെ 50 വീടുകളില്‍ വെള്ളം കയറിയിട്ടുമുണ്ട്. പൊഴിക്കരയില്‍ റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായി.

ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞ വഴി, ചേര്‍ത്തല, പള്ളിത്തോട് ഭാഗങ്ങളിലാണ് കടലാക്രമണം അനുഭവപ്പെടുന്നത്. പുറക്കാട് രാവിലെ കടല്‍ ഉല്‍വലിഞ്ഞിരുന്നു. ഇവിടെ ചെളിയടിഞ്ഞ അവസ്ഥയായിരുന്നു. തൃശൂരില്‍ പെരിഞ്ഞനത്താണ് കടലേറ്റമുണ്ടായത്. തിരകള്‍ ശക്തമായി കരയിലേക്ക് അടിച്ചുകയറി. വെള്ളവും മണ്ണും അടിച്ചു കയറി മത്സ്യബന്ധന വലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുമുണ്ട്. ഇത്രയധികം മേഖലകളില്‍ കടലാക്രമണം അനുഭവപ്പെട്ടതോടെ സംസ്ഥാനത്ത് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.