തൃശൂര്‍: മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തൊടുവില്‍ കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ കരയ്ക്കെത്തിച്ചു. 16 മണിക്കൂറിനൊടുവിലാണ് കാട്ടാനയെ രക്ഷിച്ചത്. കിണറിടിച്ച ശേഷമാണ് ആനയെ പുറത്തെത്തിച്ചത്. അതിനുശേഷം ജനവാസമേഖലയില്‍ മൂന്ന് കിലോ മീറ്റര്‍ അകലെയുള്ള കാട്ടിലേക്ക് ആനയെ തുരത്തുകയും ചെയ്തു.
അതേസമയം, ആനയെ മയക്കുവെടി വെക്കണമെന്നായിരുന്നു നാട്ടുകാരുടെ നിര്‍ദ്ദേശം. മയക്കുവെടി വയ്ക്കാത്ത വനം വകുപ്പിന്റെ നടപടിയില്‍ ജനം പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നുണ്ട്. ആന ഉള്‍വനത്തിലേക്ക് പോകുമെന്നാണ് വനം വകുപ്പിന്റെ നിഗമനം. എന്നാല്‍ ആനയ്ക്ക് പരിക്കേറ്റതിനാല്‍ അതും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.