ഇസ്രയേലിൽ ആംബുലൻസിന് നേരെ ബോംബാക്രമണം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്ന ആംബുലൻസിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 15 പേർ കൊല്ലപ്പെടുകയും 60ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വടക്കൻ ഗാസയിൽ നിന്ന് പരിക്കേറ്റവരെ ഒഴിപ്പിക്കാൻ ഉപയോഗിക്കുന്ന ആംബുലൻസിന് നേരെ വെള്ളിയാഴ്ചയാണ് വ്യോമാക്രമണമുണ്ടായത്. പരിക്കേറ്റവരെ ചികിത്സിക്കാമെന്ന് ഈജിപ്ത് അറിയിച്ചിരുന്നു. തുടർന്ന് റഫാ അതിർത്തി വഴി ആശുപത്രിയിലേക്ക് ആംബുലൻസ് പോകും വഴിയാണ് ആക്രമണമുണ്ടായത്.
അതേസമയം, ബന്ദികളാക്കിയവരെ ഹമാസ് വിട്ടയച്ചില്ലെങ്കിൽ യുദ്ധം പൂർണതോതിൽ മുന്നോട്ടുപോകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള തന്റെ മൂന്നാമത്തെ സന്ദർശനത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി. ഗാസയ്ക്ക് സഹായം നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്തു.
ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ നിരവധി ഹമാസ് പ്രവർത്തകർ കൊല്ലപ്പെട്ടു. ഒക്ടോബർ 7 മുതൽ ഇസ്രയേൽ ആക്രമണത്തിൽ 3,826 കുട്ടികൾ ഉൾപ്പെടെ 9,227 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തെത്തുടർന്ന് 1,400 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.