Newsperseconds.com

ഈശ്വര്‍ മാല്‍പ്പെയുടെ നേതൃത്വത്തില്‍ ഇന്നും തിരച്ചില്‍ തുടരും; രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി നദിയിലെ സീറോ വിസിബിലിറ്റി

Capture

കര്‍ണ്ണാടക: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ പതിമൂന്നാം ദിവസവും തുടരും. ഈശ്വര്‍ മാല്‍പ്പെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളായ മുങ്ങല്‍ വിദഗ്ദര്‍ ആഴത്തില്‍ മുങ്ങിയുള്ള തിരച്ചില്‍ ഇന്നും നടത്തും. കേരളത്തില്‍ നിന്നുള്ള മന്ത്രിതല സംഘം ഷിരൂരില്‍ തുടരുകയാണ്. മഴ കുറഞ്ഞെങ്കിലും ഗംഗാവാലി നദിയിലെ അടിയൊഴുക്ക് കുറയാത്തതാണ് ദൗത്യസംഘം നേരിടുന്ന പ്രധാന വെല്ലുവിളി.

മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെ ഒമ്പത് തവണ ഡൈവിങ് നടത്തിയിട്ടും ഇന്നലെ ട്രക്കിന് അടുത്തെത്താന്‍ കഴിഞ്ഞില്ല. രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത് നദിയിലെ സീറോ വിസിബിലിറ്റിയാണ്. വെള്ളത്തിനടിയിലെ പാറക്കല്ലുകളും വെല്ലുവിളിയായി തന്നെ തുടര്‍ന്നു. ദൗത്യം അതീവ ദുഷ്‌കരമായ സാഹചര്യത്തിലാണ് ഇന്നലെ അവസാനിപ്പിച്ചത്.

അര്‍ജുനുവേണ്ടി ഗംഗാവലി പുഴയില്‍ തിരച്ചില്‍ നടത്തുന്നത് തന്റെ സ്വന്തം റിസ്‌കിലെന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ പറഞ്ഞു. തിരച്ചില്‍ വളരെ ദുഷ്‌കരമാണ് എന്നും അപകടം പിടിച്ച ദൗത്യമാണിതെന്നും മാല്‍പെ പറഞ്ഞു. സ്വന്തം റിസ്‌കിലാണ് താഴ്ച്ചയിലേക്ക് പോകുന്നത് എന്ന് എഴുതി ഒപ്പിട്ടു കൊടുത്തു. ആദ്യമായാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഈശ്വര്‍ മാല്‍പെ പ്രതികരിച്ചു.

Share this Article

Leave a Comment