തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിയിരിക്കെ കേരളത്തിൽ വിജയസാധ്യതയുള്ള മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ബിജെപി മുൻകൂട്ടി തിരഞ്ഞെടുപ്പ് യന്ത്രം സജ്ജമാക്കുന്നു. സംസ്ഥാനത്ത് വിജയസാധ്യത കൂടുതലെന്ന് വിലയിരുത്തുന്ന ‘എ പ്ലസ്’ മണ്ഡലങ്ങളിൽ പ്രമുഖ നേതാക്കളെ തന്നെ സംഘടനാ ചുമതല ഏൽപ്പിച്ച് കേന്ദ്രനേതൃത്വം വ്യക്തമായ തിരഞ്ഞെടുപ്പ് തന്ത്രവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഭാവി സ്ഥാനാർഥികളാകാൻ സാധ്യതയുള്ള നേതാക്കളെ അതത് മണ്ഡലങ്ങളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിയോഗിച്ചതോടെ ബിജെപിയുടെ ലോക്സഭാ മുന്നൊരുക്കങ്ങൾക്ക് ഔദ്യോഗിക തുടക്കമായെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ എന്നീ ആറ് മണ്ഡലങ്ങളാണ് ബിജെപി ഇത്തവണ പ്രത്യേക ശ്രദ്ധാകേന്ദ്രങ്ങളാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഇപ്പോൾ തന്നെ ബൂത്ത് തലത്തിലേക്ക് വ്യാപിപ്പിച്ച് ശക്തമായ സംഘടനാ ശൃംഖല ഒരുക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം.
ആലപ്പുഴ മണ്ഡലത്തിൽ മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രൻ തന്നെ വീണ്ടും ബിജെപി സ്ഥാനാർഥിയാകുമെന്ന സൂചനയാണ് പാർട്ടി വൃത്തങ്ങൾ നൽകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ പ്രവർത്തനങ്ങളും മണ്ഡലത്തിലുള്ള സ്വാധീനവും പരിഗണിച്ചാണ് ശോഭയെ വീണ്ടും പരിഗണിക്കുന്നതെന്നാണ് വിവരം.
തിരുവനന്തപുരം മണ്ഡലത്തിന്റെ സംഘടനാ ചുമതല സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് നൽകിയിരിക്കുന്നത്. മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആറ്റിങ്ങൽ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. തൃശ്ശൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയിലാണ് പാർട്ടിയുടെ പ്രധാന പ്രതീക്ഷ.
പത്തനംതിട്ട മണ്ഡലത്തിന്റെ ചുമതല ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിക്കാണ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി യുവമോർച്ചയുടെ പ്രഭാരി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതായും പാർട്ടി വൃത്തങ്ങൾ പറയുന്നു. കൊല്ലം മണ്ഡലത്തിന്റെ സംഘടനാ ചുമതലയും സ്ഥാനാർഥി സാധ്യതയും ബി.ബി. ഗോപകുമാറിനാണ്.
അതേസമയം, മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ വി. മുരളീധരൻ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത കുറവാണെന്നാണ് ലഭിക്കുന്ന സൂചന. അദ്ദേഹം മത്സരരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ, സംഘടനാ പുനഃസംഘടനയിൽ ബിജെപി ദേശീയ നേതൃത്വത്തിലെ സുപ്രധാന ചുമതലകളിലേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്ന വിലയിരുത്തലും ശക്തമാണ്.
തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാക്കളെ കൂടുതൽ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുധീറിനും പുതിയ ചുമതലകൾ നൽകിയിട്ടുണ്ട്. മേഖലായോഗങ്ങളും സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗങ്ങളും വിളിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുകയാണ് നേതൃത്വം.
തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയർന്ന ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് സംഘടിതമായ ആക്രമണമാണ് നടക്കുന്നതെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കേരളത്തിലെ ജനങ്ങൾ തള്ളിക്കളയുമെന്നും പ്രതികരിച്ചു.
സമൂഹമാധ്യമ പ്രചാരണങ്ങളിൽ മാത്രം ഒതുങ്ങാതെ ബൂത്ത് തലം മുതൽ സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ തീരുമാനം.
ലോക്സഭ ലക്ഷ്യമിട്ട് കേരളത്തിൽ കരുനീക്കി ബിജെപി; ‘എ പ്ലസ്’ മണ്ഡലങ്ങളിൽ പ്രമുഖരെ ഇറക്കി കേന്ദ്രനേതൃത്വം, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, ആറ്റിങ്ങലിൽ കെ. സുരേന്ദ്രൻ; ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ..
- Related News
- Latest News