ഹരിപ്പാട്: കേരള ഹൈക്കോടതിയില്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിതനായ അഡ്വ. അരുണ്‍ കാരണവര്‍ക്ക് ആശംസകളുടെ പ്രവാഹമാണ്. സംസ്ഥാനത്ത് ശ്രദ്ധേയയായ കോണ്‍ഗ്രസ് വനിതാ നേതാവും ഹരിപ്പാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ശക്തമായ സാന്നിധ്യവുമായിരുന്ന പരേതയായ വിമലാ കാരണവരുടെ മകനാണ് അഡ്വ. അരുണ്‍ കാരണവര്‍. പിതാവ് രാധാകൃഷ്ണ കാരണവരാണ്.
ഹരിപ്പാട്ടെ കോണ്‍ഗ്രസ് സംഘടനയെ ശക്തിപ്പെടുത്തുന്നതില്‍ വിമലാ കാരണവര്‍ നിര്‍ണായക പങ്കുവഹിച്ചു. സൗമ്യമായ പെരുമാറ്റവും ജനങ്ങളോടുള്ള ആത്മാര്‍ഥമായ ഇടപെടലും പ്രവര്‍ത്തകരെ ചേര്‍ത്തുപിടിക്കുന്ന നേതൃത്വശൈലിയും കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും പ്രിയങ്കരിയായിരുന്നു അവർ. അപ്രതീക്ഷിതമായ അസുഖത്തെ തുടര്‍ന്നാണ് അവരുടെ നിര്യാണം.
ഹരിപ്പാട് പനങ്ങാട്ടേത്ത് കുടുംബാംഗമായ അഡ്വ. അരുണ്‍ കാരണവര്‍ നിയമരംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകനാണ്. ഹൈക്കോടതിയില്‍ എപ്പോഴും പുഞ്ചിരിയോടെ കക്ഷികളെയും സഹപ്രവര്‍ത്തകരെയും സമീപിക്കുന്ന അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റം ഏറെ ശ്രദ്ധേയമാണ്. തന്റെ മുമ്പിലെത്തുന്ന കക്ഷികളോട് ക്ഷമയോടെയും ആദരവോടെയും ഇടപെടുകയും എല്ലാവരോടും വിനയപൂര്‍വം പെരുമാറുകയും ചെയ്യുന്ന അഭിഭാഷകനെന്ന നിലയില്‍ അദ്ദേഹം അറിയപ്പെടുന്നു.
മത്സരവും സമ്മര്‍ദ്ദവും നിറഞ്ഞ നിയമരംഗത്തും മാന്യതയും ശാന്തതയും കൈവിടാതെ മുന്നേറുന്ന അഡ്വ. അരുണ്‍ കാരണവരുടെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായുള്ള നിയമനം അദ്ദേഹത്തിന്റെ നിയമജീവിതത്തിലെ സുപ്രധാന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
അഡ്വ. അരുണ്‍ കാരണവരുടെ ഭാര്യ രമ്യ ഡി. നായര്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പില്‍ എച്ച്.ആര്‍. വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു. മകന്‍ പാര്‍ഥസാരഥി പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.
അഡ്വ. അരുണ്‍ കാരണവര്‍ക്ക് അഭിമാന നേട്ടം; ഹൈക്കോടതിയില്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമനം
- Related News
- Latest News