Newsperseconds.com

വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗത്തെ ദുരുപയോഗം ചെയ്യുന്നു; ശ്രീനാരായണ പ്രസ്ഥാനത്തെ കാർന്നുതിന്നുന്ന വിഷവിത്ത്: ഗോകുലം ഗോപാലൻ

IMG 20260802 WA0172

വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗത്തെ ദുരുപയോഗം ചെയ്യുന്നു; ശ്രീനാരായണ പ്രസ്ഥാനത്തെ കാർന്നുതിന്നുന്ന വിഷവിത്ത്: ഗോകുലം ഗോപാലൻ

എറണാകുളം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും നിലവിലെ യോഗം നേതൃത്വത്തെയും രൂക്ഷമായി വിമർശിച്ച് ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ. എറണാകുളത്ത് നടന്ന ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ശ്രീനാരായണ പ്രസ്ഥാനത്തെ തകർക്കുന്ന നിലപാടാണ് വെള്ളാപ്പള്ളി നടേശൻ സ്വീകരിക്കുന്നതെന്നും, “ശ്രീനാരായണ പ്രസ്ഥാനത്തെ കാർന്നുതിന്നുന്ന വിഷവിത്താണ് വെള്ളാപ്പള്ളി നടേശൻ” എന്നും ഗോകുലം ഗോപാലൻ ആരോപിച്ചു. എസ്.എൻ.ഡി.പി യോഗത്തെ വ്യക്തിപരവും കുടുംബപരവുമായ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതായും അദ്ദേഹം വിമർശിച്ചു.

വെള്ളാപ്പള്ളിയെ എതിർക്കുന്ന എല്ലാ ശ്രീനാരായണ സംഘടനകളും അഭിപ്രായവ്യത്യാസങ്ങൾ മറന്ന് ഐക്യത്തോടെ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ശ്രീനാരായണ ഗുരുവിന്റെ മാനുഷിക മൂല്യങ്ങളും സമത്വദർശനവും സംഘടനകളുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനമാകണമെന്നും അദ്ദേഹം പറഞ്ഞു.

ഏത് സംഘടനയുടെയും നേതൃത്വസ്ഥാനത്തിരിക്കുന്നവർ ആ സ്ഥാനത്തിന്റെ അന്തസ്സും ഉത്തരവാദിത്വവും ഉയർത്തിപ്പിടിക്കണം. നല്ല അധ്യാപകന്റെ മാതൃകയിൽ എല്ലാവരോടും തുല്യനീതിയോടെ പെരുമാറുകയും പക്ഷപാതപരമായ സമീപനം ഒഴിവാക്കുകയും വേണമെന്നും ഗോകുലം ഗോപാലൻ അഭിപ്രായപ്പെട്ടു.

സംഘടനകളിൽ കുടുംബാധിപത്യം വളരാൻ അനുവദിക്കരുതെന്നും, സ്വന്തം മക്കൾക്കോ കുടുംബാംഗങ്ങൾക്കോ മാത്രം പ്രാമുഖ്യം നൽകുന്ന പ്രവണത സംഘടനകളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ പ്രസ്ഥാനത്തിനുള്ളിൽ ഐക്യവും ജനാധിപത്യ മൂല്യങ്ങളും ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഗോകുലം ഗോപാലൻ കൂട്ടിച്ചേർത്തു.

Share this Article

Leave a Comment