Newsperseconds.com

സിപിഐയുടെ യുവജന സംഘടനയ്ക്ക് ജീവൻ വെച്ചോ?; ജിസ്മോന്റെ വിമർശനം രാഷ്ട്രീയ ഇരട്ടത്താപ്പെന്ന് ചർച്ച

IMG 20260719 WA0005

രാഷ്ട്രീയ ലേഖകൻ
തിരുവനന്തപുരം: പത്ത് വർഷം എൽഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരസ്യമായി കാര്യമായ വിമർശനം ഉന്നയിക്കാതിരുന്ന എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് ജിസ്മോൻ, ഇപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയതോടെ രാഷ്ട്രീയ ഇരട്ടത്താപ്പെന്ന ചർച്ച ശക്തമാകുന്നു.

അലോഷ്യസ് വിഷയത്തിൽ ജിസ്മോൻ നടത്തിയ പ്രതികരണമാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. എന്നാൽ, മാധ്യമസ്വാതന്ത്ര്യം, ഭരണനടപടികൾ, അധികാരകേന്ദ്രീകരണം തുടങ്ങി എൽഡിഎഫ് ഭരണകാലത്ത് ഉയർന്ന വിവാദങ്ങളിൽ എ.ഐ.വൈ.എഫ്. നേതൃത്വം സ്വീകരിച്ച മൗനമാണ് ഇപ്പോൾ വിമർശകർ ചോദ്യം ചെയ്യുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മാധ്യമപ്രവർത്തകരെ പുറത്താക്കിയ സംഭവം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ശക്തമായ പ്രതിഷേധവുമായി എ.ഐ.വൈ.എഫ്. രംഗത്തുവന്നതായി ഓർമയില്ലെന്നാണ് രാഷ്ട്രീയ എതിരാളികൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഭരണമാറ്റത്തിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനെ ലക്ഷ്യമിട്ട് കടുത്ത വിമർശനം ഉയർത്തുന്നത് രാഷ്ട്രീയ അവസരവാദമാണെന്ന ആരോപണവും ശക്തമാണ്.

നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് വേണമെന്ന ആവശ്യം പാർട്ടി ഉയർത്തിയ ഘട്ടത്തിലും, സിപിഎം നേതൃത്വത്തിന്റെ നിലപാടുകളോട് എ.ഐ.വൈ.എഫ്. പരസ്യമായി വിയോജിച്ചിരുന്നില്ലെന്ന വിമർശനവും വീണ്ടും ഉയരുന്നുണ്ട്. സ്വന്തം മുന്നണിയുടെ തീരുമാനങ്ങളിൽ മൗനം പാലിച്ചവർ ഇന്ന് യുഡിഎഫ് സർക്കാരിനെതിരെ ധാർമികതയുടെ പേരിൽ രംഗത്തെത്തുന്നത് രാഷ്ട്രീയ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നാണ് വിമർശകർ പറയുന്നത്.

സിപിഎം നേതൃത്വത്തിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ മടിച്ചവർ ഇന്ന് കോൺഗ്രസിനെയും യുഡിഎഫിനെയും വി.ഡി. സതീശനെയും ലക്ഷ്യമിട്ട് കടുത്ത വിമർശനം ഉന്നയിക്കുന്നത് ഇരട്ടത്താപ്പാണെന്ന അഭിപ്രായവും രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നു.

ഇതിനിടെയാണ് സാമൂഹിക മാധ്യമങ്ങളിലും പരിഹാസം ശക്തമാകുന്നത്. “പത്ത് വർഷം മൗനം പാലിച്ചവർ ഇപ്പോൾ എന്തുകൊണ്ട് ഇത്ര സജീവമായി?”, “ചത്തവർ തിരിച്ചു വന്നോ?” തുടങ്ങിയ ചോദ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. അധികാരത്തിലിരിക്കുമ്പോഴുള്ള നിശ്ശബ്ദതയും ഭരണമാറ്റത്തിന് ശേഷമുള്ള ശക്തമായ പ്രതിഷേധവും തമ്മിലുള്ള വൈരുധ്യമാണ് ഇത്തരം ചർച്ചകൾക്ക് ആക്കം കൂട്ടുന്നത്.

Share this Article

Leave a Comment