കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പ് അനുബന്ധിച്ച് വയനാട്ടില്‍ വിതരണത്തിനായി എത്തിച്ച ഭക്ഷ്യകിറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായ തോല്‍പ്പെട്ടി സ്വദേശി ശശികുമാറിനെതിരെയാണ് കേസെടുത്തത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും ചിത്രങ്ങള്‍ പതിച്ച 38 കിറ്റുകളായിരുന്നു പിടിച്ചെടുത്തത്. സംഭവത്തില്‍ കേസെടുക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു.
മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് നല്‍കാനെന്ന വ്യാജേനെയാണ് കിറ്റുകള്‍ രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡുകള്‍ പരിശോധനക്കിടെ ശശികുമാറിന്റെ വീടിന്റെ പരിസരത്ത് നിന്നാണ് കിറ്റുകള്‍ കണ്ടെത്തിയത്. കിറ്റില്‍ സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉള്‍പ്പടെ കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെയും ചിത്രങ്ങളുണ്ടായിരുന്നു. ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമാണ് കിറ്റിലുണ്ടായിരുന്നത്.