ന്യൂഡല്‍ഹി: വിമത സേന അസദ് ഭരണകൂടത്തെ അട്ടിമറിച്ചതിന് പിന്നാലെ സിറിയയില്‍ നിന്ന് 75 പൗരന്മാരെ ഇന്ത്യ വിജയകരമായി ഒഴിപ്പിച്ചു. എല്ലാവരെയും സുരക്ഷിതമായി ലെബനനില്‍ എത്തിച്ചു. ദമാസ്കസിലെയും ബെയ്റൂട്ടിലെയും ഇന്ത്യന്‍ എംബസികള്‍ ചേര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. വാണിജ്യ യാത്രാ വിമാനങ്ങളില്‍ ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.
സിറിയയില്‍ തുടരുന്ന ഇന്ത്യന്‍ പൗരന്മാര് ദമാസ്കസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധം പുലര്‍ത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ഹെല്പ്പ്ലൈന് നമ്പര്‍: +963 993385973. അതേസമയം പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പുറത്താക്കി സിറിയയുടെ ഭരണം പിടിച്ച വിമതര്‍, മുഹമ്മദ് അല്‍ ബഷീറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. 2025 മാര്‍ച്ച് ഒന്നു വരെയാണ് അല്‍ ബഷീറിന്റെ കാലാവധി.
വിമതര്‍ക്കു നേതൃത്വം നല്കുന്ന ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ (എച്ച്ടിഎസ്) നിയന്ത്രണത്തില്‍ ഇഡ്ലിബ് ഭരിക്കുന്ന സാല്‍വേഷന്‍ സര്‍ക്കാരില്‍ പ്രധാനമന്ത്രിയാണ് നാല്‍പ്പത്തിയൊന്നുകാരനായ അല്‍ ബഷീര്‍. എന്‍ജീനിയറായ ഇദ്ദേഹത്തിന് ഇഡ്ലിബ് സര്‍വകലാശാലയില്‍ നിന്ന് ശരിയത്ത് നിയമത്തില്‍ ബിരുദമുണ്ട്.