തെഹ്റാൻ : അമേരിക്ക – ഇസ്രായേൽ സഖ്യത്തിന്റെ ഇറാൻ കടന്നാക്രമണത്തിൽ ഇരുനൂറോളം കുഞ്ഞുങ്ങൾ. ഒരാഴ്ചയായി ഇറാനെതിരെ തുടരുന്ന സൈനിക അധിനിവേശത്തിനിടെ 181 കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫ് വ്യക്തമാക്കി. ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ ഏജൻസിയായ യുണിസെഫ് വ്യാഴാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഇക്കാര്യം എടുത്തു പറയുന്നത്. ഏകദേശം 181 കുട്ടികൾ ഇറാനിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 7 പേർ ലെബനനിലും, ഇസ്രായേലിലും കുവൈത്തിലുമായി 3 കുട്ടികളും മരിച്ചതായി യുണിസെഫ് റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും വേദനാജനകമായ സംഭവം തെക്കേ ഇറാനിലെ മിനാബിലേതാണ്. ഫെബ്രുവരി 28നാണ് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിനുനേരെ ക്ലാസുകൾ നടന്നുകൊണ്ടിരിക്കെ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയത്. യുണിസെഫിന്റെ കണക്കുപ്രകാരം 7നും 12നുമിടയിൽ പ്രായമുള്ള ഏകദേശം 168 കുട്ടികളാണ് മിനാബിൽ കൊല്ലപ്പെട്ടത്. ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് പറയുന്നത് 175 കുട്ടികൾ മരണപ്പെട്ടന്നാണ്. കുട്ടികളെ ലക്ഷ്യംവച്ചുള്ള ഈ ആക്രമണങ്ങൾ യുദ്ധത്തിന്റെ ഭീകരതയെ വീണ്ടും ഓർമ്മിപ്പിക്കുന്നതായും, ഇത് കുടുംബങ്ങളേയും സമൂഹത്തേയും തലമുറയോളം ബാധിക്കുമെന്നും യുണിസെഫ് പ്രസ്താവനയിൽ പറഞ്ഞു. “കുട്ടികളല്ല ഒരു യുദ്ധത്തിനും തുടക്കമിടുന്നത്. പക്ഷെ, അസ്വീകാര്യമായ വില നൽകേണ്ടി വരുന്നത് അവരാണ്.” യുണിസെഫ് ചൂണ്ടിക്കാണിച്ചു. യുഎസ് – ഇസ്രായേൽ സഖ്യം ആക്രമണം ആരംഭിച്ചതിനു ശേഷം 20 സ്കൂളുകൾക്കും 10 ആശുപത്രികൾക്കും ഇറാനിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇത് ആയിരക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസത്തേയും ചികിത്സയേയും ബാധിച്ചു.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ പാലിച്ച് സാധാരണക്കാരെയും കുട്ടികളെയും സംരക്ഷിക്കാൻ സകലരും ഒന്നിക്കണമെന്ന് യുണിസെഫ് ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും, കുട്ടികൾക്കും മറ്റു ദുരിതബാധിതർക്കും പിന്തുണ നൽകുന്നതിനൊപ്പം എല്ലാവിധ സഹായവുമെത്തിക്കാനും യുണിസെഫ് സജ്ജമാണെന്നും അധികൃതർ അറിയിച്ചു.
യുഎസ് – ഇസ്രായേൽ ആക്രമണം; ഇറാനിൽ 181 കുട്ടികൾ കൊല്ലപ്പെട്ടെന്ന് യുണിസെഫ്
- Related News
- Latest News