ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ ഭരണഘടനയുടെ അനുച്ഛേദം 370 നിര്‍വ്വചിക്കുന്ന പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ആണ് വിധി പറയുക.
ഭരണഘടന അനുച്ഛേദം 370 ല്‍ 2019 ഓഗസ്റ്റിലാണ് മാറ്റം വരുത്തിയത്. ഇതിനെതിരെ 2020ല്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഈ വര്‍ഷം ആഗസ്റ്റ് 2 മുതല്‍ 16 ദിവസം വാദ കേട്ട സുപ്രീംകോടതി കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയതും ചോദ്യം ചെയ്ത് കൊണ്ട് 23 പൊതുഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. ഹര്‍ജികളിലെ വിധി കേന്ദ്ര സര്‍ക്കാരിന് ഏറെ നിര്‍ണ്ണായകമാണ്.
ജമ്മു കശ്മീരിന്റെ സ്ഥിരമായ പ്രത്യേക പദവി പാര്‍ലമെന്റിന് റദ്ദാക്കാന്‍ കഴിയുമോ എന്നതും ഇന്‍സ്ട്രുമെന്റ് ഓഫ് ആക്സഷന്‍ ഉപയോഗിച്ച് ജമ്മു കശ്മീരിന്റെ ആഭ്യന്തര പരമാധികാരത്തില്‍ കൈകടത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുമോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഇന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരം നല്‍കും.