62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കം. രാവിലെ 10 മണിക്ക് ആശ്രാമം മൈതാനിയിലെ മുഖ്യവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. സിനിമാതാരം നിഖില വിമൽ മുഖ്യാതിഥിയാകും. നടിയും നർത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്താവിഷ്കാരത്തോടെ കലാമാമാങ്കത്തിന് തുടക്കമാകും.
മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, ജെ ചിഞ്ചുറാണി, കെബി ഗണേഷ് കുമാർ, പിഎ മുഹമ്മദ് റിയാസ് തുടങ്ങിയവരും പങ്കെടുക്കും. 239 ഇനങ്ങളിലായി പതിനായിരക്കണക്കിന് പ്രതിഭകളാണ് കലോത്സവത്തിന്റെ ഭാഗമാകുക. 24 വേദികളാണ് കാലാപൂരത്തിനായി സജ്ജമാക്കിയിരിക്കുന്നത്.
നാലാം തവണയാണ് കൊല്ലം, സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്. കഴിഞ്ഞ തവണ കോഴിക്കോടായിരുന്നു വേദി. കലോത്സവത്തിൻറെ സമാപന സമ്മേളനം എട്ടിന് വൈകിട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനംചെയ്യും. മമ്മൂട്ടി ചടങ്ങിൽ വിശിഷ്ടാതിഥിയാവും.
കലോത്സവത്തിന് എത്തുന്ന സംഘങ്ങളെ യഥാസ്ഥാനത്ത് എത്തിക്കുന്നതിനായി കലോത്സവ വണ്ടികളും തയ്യാറാണ്. ഇത്തവണയും കുട്ടികൾക്ക് രുചികരമായ ഭക്ഷണം തയ്യാറാക്കുന്നത് പഴയിടം നമ്പൂതിരിയാണ്. വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി പാല് കാച്ചൽ ചടങ്ങിൽ പങ്കെടുത്തു.