മറക്കാനാവാത്ത നിരവധി സൂപ്പര്‍ഹിറ്റ് പാട്ടുകള്‍ ആലപിച്ച പ്രിയപ്പെട്ട ഗായകന് പി ജയചന്ദ്രന് വിടവാങ്ങി. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി.. ധനു മാസ ചന്ദ്രിക വന്നു, റംസാനിലെ ചന്ദ്രികയോ, അനുരാഗ ഗാനം പോലെ, രാസാത്തി ഒന്നെ കാണാതെ നെഞ്ച് കാത്താടി പോലാട്ത്, കല്ലായി കടവത്ത്, വിരല്‍ തൊട്ടാല്‍ വിരിയുന്ന തുടങ്ങി എണ്ണിയാല്‍ തീരാത്ത, കേരളക്കരയെ എന്നും പാട്ടിന്റെ മാസ്മരിക ലോകത്തെത്തിച്ച സംഗീതത്തിന്റെ സുല്‍ത്താനാണ് വിടവാങ്ങിയത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങള്‍ പി ജയചന്ദ്രന് പാടിയിട്ടുണ്ട്.
ഭാവഗായകന് എന്ന പേരിലാണ് പി ജയചന്ദ്രന് മലയാളികള്‍ക്ക് പരിചിതം. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ-എക്കാലവും മലയാളികള്‍ മലയാളികള്‍ ഇഷ്ടപ്പെടുന്ന മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്നു തുടങ്ങുന്ന ഗാനമാണ്. ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാര്‍ഡുകളും നാലു തവണ തമിഴ്നാട് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു.
1967 ല്‍ പി. വേണു സംവിധാനം ചെയ്ത ഉദ്യോഗസ്ഥ എന്ന ചിത്രത്തിനുവേണ്ടി എം.എസ്. ബാബുരാജ് സംഗീതം നല്കിയ ‘അനുരാഗ ഗാനം പോലെ’ എന്ന പ്രശസ്ത ഗാനം അദ്ദേഹം ആലപിച്ചു. പിന്നീട് പി. വേണുവും ജയചന്ദ്രനും ചേര്‍ന്ന് ‘നിന്മണിയറയിലെ’ (സി. ഐ. ഡി. നസീര്‍, 1971), ‘മലയാള ഭാഷതന്‍ മാദക ഭംഗി’ (പ്രേതങ്ങളുടെ താഴ്വര, 1973) തുടങ്ങിയ കൂടുതല്‍ ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചു. പണിതീരാത്ത വീട് എന്ന ചിത്രത്തിനുവേണ്ടി ആലപിച്ച ‘നീലഗിരിയുടെ സഖികളേ, ജ്വാലാ മുഖികളേ” എന്ന ഗാനത്തിന് 1972 ലെ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആദ്യമായി ജയചന്ദ്രന് ലഭിച്ചു.
1973 ല്‍ പുറത്തിറങ്ങിയ ‘മണിപ്പയല്‍’ എന്ന സിനിമയിലെ ‘തങ്കച്ചിമിഴ് പോല്‍…’ ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം. എം. ബി. ശ്രീനിവാസന് സംഗീതം നല്കിയ ബന്ധനം എന്ന ചിത്രത്തിലെ ‘രാഗം ശ്രീരാഗം’ എന്ന ഗാനത്തിലൂടെ 1978 ല്‍ അദ്ദേഹത്തിന് മറ്റൊരു കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1985 ല്‍ ജി. ദേവരാജന്‍ സംഗീതം നല്കിയ ശ്രീ നാരായണ ഗുരു എന്ന ചിത്രത്തിലെ ‘ശിവശങ്കര സര്‍വ്വ ശരണ്യ വിഭോ’ എന്ന ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. നിറം എന്ന ചിത്രത്തിലെ ‘പ്രായം നമ്മില്‍’ എന്ന ഗാനം 1998 ല്‍ മികച്ച ഗായകനുള്ള മൂന്നാമത്തെ കേരള സംസ്ഥാന പുരസ്കാരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയിരുന്നു. 1975 ല്‍ ആര്.കെ ശേഖറിന്റെ സംഗീത സംവിധാനത്തില്‍, അക്കാലത്ത് കേവലം 9 വയസ് പ്രായമുണ്ടായിരുന്ന ദിലീപ് ശേഖര്‍ (ഇപ്പോള്‍ എ. ആര് റഹ്മാന്) ആദ്യമായി ചിട്ടപ്പെടുത്തിയ പെണ്‍പട എന്ന മലയാള സിനിമയ്ക്കുവേണ്ടിയുള്ള ‘വെള്ളിത്തേന്‍ കിണ്ണം പോല്‍’ എന്ന ഗാനം അദ്ദേഹം ആലപിച്ചിരുന്നു.
ജയചന്ദ്രന് സംഗീതസംവിധായകന് ഇളയരാജയുമായി അടുത്തു സഹകരിച്ചു പ്രവര്‍ത്തിക്കുകയും ”രാസാത്തി ഒന്നെ കാണാതെ നെഞ്ച് കാത്താടി പോലാട്ത്…’, ‘കാത്തിരുന്തു കാത്തിരുന്തു’ (1984 ല്‍ പുറത്തിറങ്ങിയ വൈദേഹി കാത്തിരുന്താള്‍), ‘മയങ്കിനേന്‍ സൊല്ല തയങ്കിനേന്‍’ (1985 ല്‍ പുറത്തിറങ്ങിയ നാനേ രാജ നാനേ മന്തിരിയില്‍ നിന്ന്), ‘വാഴ്കയേ വേഷം’ (1979 ല്‍ പുറത്തിറങ്ങിയ ”ആറിലിരുന്തു അറുപതു വരൈ” എന്ന ചിത്രത്തിലെ), ‘പൂവാ എടുത്തു ഒരു’ (1986 ല്‍ പുറത്തിറങ്ങിയ അമ്മന്‍ കോവില്‍ കിഴക്കാലെ), ‘താലാട്ടുതേ വാനം’ (1981 ല്‍ പുറത്തിറങ്ങിയ കടല്‍ മീന്കള്) എന്നിവയുള്‍പ്പെടെ തമിഴ് ഭാഷയില്‍ നിരവധി ജനപ്രിയ ഹിറ്റുകള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. 1994 ല്‍ എ. ആര്. റഹ്മാന് സംഗീതം നല്കിയ കിഴക്കു ചീമയിലെ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചതിന്റെ പേരില്‍ മികച്ച ഗായകനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. തമിഴ് ചലച്ചിത്ര സംഗീതത്തിന് നല്കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍ 1997 ല്‍ തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡിന് അര്‍ഹനായി. പതിനായിരക്കണക്കിന് ഗാനങ്ങള്‍ സമ്മാനിച്ച പി ജയചന്ദ്രന് എന്ന ഭാവഗായകന് എന്നും ആസ്വാദക മനസുകളിലെ പ്രിയപ്പെട്ട ഗായകരില്‍ ഒരാളാണ്.
ഭാവഗായകന് പി.ജയചന്ദ്രന് ന്യൂസ് പെര്‍സെക്കന്റ്സിന്റെ ആദരാഞ്ജലികള്‍