Newsperseconds.com

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഇന്ന്; വിവിധ വിഷയങ്ങളിലെ സര്‍ക്കാര്‍ പ്രതിപക്ഷ പോരിന് ഇനി സഭാതലം വേദിയാകും

Capture

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഇന്ന്. ഗവര്‍ണ്ണറും സര്‍ക്കാരുമായുള്ള പോര് മുറുകുമ്പോള്‍ ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗമാണ് എല്ലാവരും ഉറ്റു നോക്കുന്നത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പ്രസംഗം മുഴുവന്‍ വായിക്കുമോ എന്നതാണ് ആകാംക്ഷ. ഫെബ്രുവരി അഞ്ചിനാണ് ബജറ്റ്. വിവിധ വിഷയങ്ങളിലെ സര്‍ക്കാര്‍, പ്രതിപക്ഷ പോരിന് ഇനി സഭാതലം വേദിയാകും.

2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസാക്കുന്നതിനായി ചേരുന്ന ഈ സമ്മേളനം ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരെയുള്ള കാലയളവില്‍ ചേരും. ആകെ 32 ദിവസം ആയിരിക്കും ചേരുക. ജനുവരി 29, 30, 31 തീയതികള്‍ ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചക്കായി മാറ്റി വച്ചിരിക്കുന്നു. ഫെബ്രുവരി 5-ാം തീയതി 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും.

ഈ സമ്മേളനത്തിലും മാസപ്പടി വിവാദം, എക്സാലോജിക്കിനെതിരെ പുറത്തുവന്ന ആര്‍ഒസി റിപ്പോര്‍ട്ട്, സിഎംആര്‍എല്‍ വിവാദം തുടങ്ങിയവയെല്ലാം ചൂടിയേറിയ വാക്ക്തര്‍ക്കങ്ങള്‍ക്ക് കളമൊരുക്കും. കരുവന്നൂരും കണ്ടലയും തുടങ്ങി സഹകരണ തട്ടിപ്പുകളും പ്രതിപക്ഷം എടുത്തിടും.

അതേ സമയം, ഫെബ്രുവരി 6 മുതല്‍ 11 വരെയുള്ള തീയതികളില്‍ സഭ ഉണ്ടാവില്ല. തുടര്‍ന്ന് ഫെബ്രുവരി 12 മുതല്‍ 14 വരെയുള്ള തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. ഫെബ്രുവരി 15 മുതല്‍ 25 വരെയുള്ള കാലയളവില്‍ സബ്ജക്ട് കമ്മിറ്റികള്‍ ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി യോഗം ചേരും.

Share this Article

Leave a Comment