കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് യാത്രക്കാര്‍ക്ക് മറ്റു എയര്‍പോര്‍ട്ടുകളേക്കാള്‍ ഇരട്ടിയോളം യാത്രാ നിരക്ക് കൂട്ടി എയര്‍ ഇന്ത്യക്ക് ടെണ്ടര്‍ കൊടുത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിക്കാനൊരുങ്ങി സുന്നി യുവജന സംഘം.
കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ പുനഃസ്ഥാപിച്ചത് നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണെന്നും വീണ്ടും അതിനെ ഞെക്കിക്കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുന്നി യുവജന സംഘം ആരോപിച്ചു. പൊതുമേഖലാ സംരംഭങ്ങള്‍ തകര്‍ക്കുന്നതിന്റെ ഭാഗം കൂടിയാണിതെന്ന് സുന്നി യുവജന സംഘം മലപ്പുറം ഈസ്റ്റ്, വെസ്റ്റ്, കോഴിക്കോട് ജില്ലാ കമ്മിറ്റികള്‍ ആരോപിച്ചു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ പുറപ്പെടുന്ന കേന്ദ്രമാണ് കരിപ്പൂര്‍ വിമാനത്താവളം. കോഴിക്കോടിനൊപ്പം കൊച്ചിയും കണ്ണൂരുമാണ് ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ്. കോഴിക്കോട് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരോടുള്ള അവഗണനയാണ് ഉയര്‍ന്ന നിരക്കെന്നും സംഘം പറഞ്ഞു.