മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ബേലൂര്‍ മഗ്‌നയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. പടമലയിലെ അജീഷ് എന്ന കര്‍ഷകനെ കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടുന്ന ദൗത്യം നാലാംദിവസത്തിലേക്ക് കടക്കുകയാണ്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ബേലൂര്‍ മഗ്‌നയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.
നാല് കുങ്കിയാനകളുടെ സഹായത്തോടെ തന്നെയാവും ഇന്നത്തേയും ദൗത്യം. ട്രീഹട്ട് കെട്ടി മരത്തിന് മുകളിലിരുന്ന് ആയിരിക്കും ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുക. ദൗത്യസംഘം അടുത്ത് എത്തുമ്പോഴേക്കും ആന ഉള്‍ക്കാട്ടിലേക്ക് നീങ്ങുന്നതായാണ് വിവരം. വടക്കന്‍ ജില്ലകളിലെ സകല വിദഗ്ധരും എത്തിയാണ് ആനയെ പിടികൂടാന്‍ ഇറങ്ങിയത്. 10 ടീമായി തിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ആയിരുന്നു നിരീക്ഷണം. ഒരു ഘട്ടത്തില്‍100 മീറ്റര്‍ അടുത്തുവരെ കാട്ടാനയുടെ സാന്നിധ്യം കിട്ടുകയും ചെയ്തു. എന്നാല്‍ പിന്നീട് ആനയുടെ സിഗ്‌നല്‍ കിട്ടാതായി. വയനാട് വന്യജീവി സങ്കേതത്തിലെ കുറ്റിക്കാടുകളും വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയും എല്ലാമാണ് ദൗത്യം ദുഷ്‌കരമാക്കിയതെന്ന് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്ന ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മയക്കുവെടി വെച്ചാല്‍ ആനയെ മുത്തങ്ങയിലേക്ക് മാറ്റും. ആന കര്‍ണാടക വനത്തിലേക്ക് കടക്കാതിരിക്കാനും ശ്രമം നടത്തുന്നുണ്ട്. വന്യമൃഗ ശല്യം രൂക്ഷമാകുന്നതിനെതിരെ സര്‍ക്കാര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഇന്ന് കര്‍ഷക സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ദിവസമായിട്ടും ആനയെ പിടികൂടാത്തതില്‍ വന്‍പ്രതിഷേധമാണ് ഉയരുന്നത്.