തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജില്‍ റാഗിങ്ങിനിരയായി കൊല്ലപ്പെട്ട സിദ്ധാര്‍ഥന്റെ കേസ് സിബിഐക്ക് കൈമാറി വിജ്ഞാപനം ഇറക്കിയിട്ടും അനുബന്ധ രേഖകള്‍ കൈമാറാന്‍ വൈകിയ ആഭ്യന്തര വകുപ്പിലെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ സംബന്ധിച്ചാണ് ഗുരുതര ആരോപണങ്ങള്‍ പുറത്ത് വന്നത്.
പ്രൊഫോമ റിപ്പോര്‍ട്ട് വൈകിപ്പിച്ചത് ഇവരുടെ വീഴ്ച കൊണ്ടാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, സെക്ഷന്‍ ഓഫിസര്‍, അസിസ്റ്റന്റ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ആഭ്യന്തര സെക്രട്ടറി ഇവരോട് വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.