വയനാട് ലോക്‌സഭ മണ്ഡലത്തിലെ മത്സരത്തില്‍ നിന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥി നുസ്‌റത്ത് ജഹാന്‍ പിന്‍മാറുന്നു. കേന്ദ്രകമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് നുസ്‌റത്ത് ജഹാന്‍ മത്സരിക്കില്ലെന്ന് ആര്‍പിഐ സംസ്ഥാന പ്രസിഡന്റ് പി.ആര്‍ സോംദേവ് പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ ഉപാധ്യക്ഷ കൂടിയായ നുസ്‌റത്ത് ജഹാന്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് ആര്‍പിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ അഞ്ചാംഘട്ട പട്ടികയിലാണ് കെ.സുരേന്ദ്രന്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് അറിയിച്ചത്. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി കെ.സുരേന്ദ്രനെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ആര്‍പിഐ പിന്മാറിയത്. ഏറ്റവും ഒടുവില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ഒരു മണ്ഡലം കൂടിയാണ് വയനാട്.
എന്‍ഡിഎ കേന്ദ്രനേതൃത്വം കൃത്യമായ ചര്‍ച്ച ആര്‍പിഐ പാര്‍ട്ടി നേതൃത്വവുമായി നടത്തുകയും അതിന്റെ ഭാഗമായിട്ടാണ് തീരുമാനം എടുത്തതെന്നും പി.ആര്‍ സോംദേവ് പറഞ്ഞു. അതിനു ശേഷം ആര്‍പിഐ പാര്‍ട്ടിയുടെ നാഷണല്‍എക്‌സിക്യൂട്ടീവ് തീരുമാനപ്രകാരം നുസ്രത്ത് ജഹാന്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. എന്‍ഡിഎയെ ശക്തിപ്പെടുത്തുന്ന വലിയൊരു യാത്രയാണ് മോദി തുടങ്ങി വച്ചതെന്നും അത്തരത്തിലുള്ള ഈ സാഹചര്യത്തില്‍ ഇങ്ങനെയൊരു തീരുമാനമാണ് ഉചിതമെന്ന് തോന്നിയത് കൊണ്ടമാണ് പാര്‍ട്ടി ഇത്തരത്തിലൊരു തീരുമാനം പിന്തുണച്ചതെന്നും പി.ആര്‍ സോംദേവ് വ്യക്തമാക്കി.
വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു നീക്കം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിങ് എംപിയായ രാഹുല്‍ ഗാന്ധിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആനി രാജയും മത്സരിക്കുന്ന വയനാട് ലോക്‌സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ബിജെപി നേതൃത്വം പെട്ടെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍, എന്‍ഡിഎയുടെ ഘടകകക്ഷിയായ റിപ്പബ്ലികന്‍ പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റായ നുസ്രത്ത് ജഹാന്‍ മത്സരിക്കുമെന്നത് ആര്‍പിഐ പാര്‍ട്ടി അറിയിച്ചിരുന്നു. നുസ്‌റത്ത് ജഹാന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോട് കൂടി തന്നെ നിരവധി ആളുകളായിരുന്നു പിന്തുണ പ്രഖ്യാപിച്ചത് എത്തിയത്. അങ്ങനെയൊരു സാഹചര്യത്തിലാണ് മത്സരത്തില്‍ നിന്ന് നുസ്‌റത്ത് ജഹാന്‍ പിന്മാറേണ്ടി വന്നത്.