പത്തനംതിട്ട: സിബിഐ സ്റ്റാന്റിങ് കൗണ്‍സില്‍ സ്ഥാനത്തേക്ക് തന്റെ വക്കീലിനെ എത്തിക്കാന്‍ അനില്‍ ആന്റണി 25 ലക്ഷം വാങ്ങിയതിന്റെ രേഖകളുമായി ദല്ലാള്‍ ടി ജി നന്ദകുമാര്‍. ആന്റൂസ് ആന്റണിയെന്ന ആള്‍ കൂടി ഉള്‍പ്പെട്ടാണ് ഇടപാട്. കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം അനില്‍ ആന്റണിക്കെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും നന്ദകുമാര്‍ ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ തള്ളുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. താന്‍ ആരുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ദല്ലാള്‍ ടി ജി നന്ദകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിലെ ദേശീയ നേതാവിനും പങ്കുണ്ടെന്നും അനില്‍ ആന്റണി പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നന്ദകുമാറിനെതിരെ പരാതി നല്‍കും. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അനില്‍ ആന്റണി പറഞ്ഞു. നന്ദകുമാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചയാളാണെന്നും തെരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.