ആലപ്പുഴ: ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങളെ തള്ളി ആലപ്പുഴ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. പത്ത് ലക്ഷം രൂപ നന്ദകുമാറില്‍ നിന്ന് കൈപ്പറ്റിയത് തന്റെ പേരിലുള്ള ഭൂമി വില്‍ക്കുന്നതിനുള്ള അഡ്വാന്‍സ് ആയിട്ടായിരുന്നുവെന്ന് പറഞ്ഞ് ശോഭ സുരേന്ദ്രന്‍ രംഗത്ത്.
അതേ സമയം, ആലപ്പുഴയില്‍ ബിജെപി വിജയിക്കുമെന്ന് ഉറപ്പായപ്പോള്‍ ദല്ലാള്‍ നന്ദകുമാര്‍ വില കുറഞ്ഞ ആരോപണവുമായി ഇറങ്ങിയിരിക്കുകയാണ്. നന്ദകുമാറിനെ തനിക്കെതിരെ ഒരുക്കി നിര്‍ത്തിയത് സിപിഐഎമ്മാണ്. മുമ്പ് കഴക്കൂട്ടത്ത് മത്സരിച്ചപ്പോഴും ഇത് പോലെ ഓഡിയോ ആരോപങ്ങളുണ്ടായിരുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് തൃശൂരില്‍ വെച്ചാണ് നന്ദകുമാറിനെ ആദ്യമായി കാണുന്നതെന്നും അന്ന് അവിടെ രഹസ്യ യോഗത്തിനെത്തിയിരുന്ന പ്രമുഖ സിപിഐഎം നേതാവിനെ ചൂണ്ടി കാണിച്ച് അവരെ പാര്‍ട്ടിയിലെത്തിക്കാമെന്ന് പറഞ്ഞതായും ശോഭ ആരോപിച്ചു.
ഇന്ന് രാവിലെയാണ് തന്റെ കയ്യില്‍ നിന്ന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് ശോഭ സുരേന്ദ്രന്‍ പത്ത് ലക്ഷം വാങ്ങിയെന്ന ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍ രംഗത്തെത്തിയത്. അനില്‍ ആന്റണിക്കെതിരെയും ദല്ലാള്‍ പണം വാങ്ങിയെന്ന് ആരോപണമുയര്‍ത്തിയിട്ടുണ്ട്.