കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണ്ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ചില സംശയങ്ങളെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ കൗസല്യ (65) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ മകന്‍ ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മക്കളായ സിജോ, ജോജോ എന്നിവരാണ് മരണവിവരം നാട്ടുകാരെയും പഞ്ചായത്തംഗത്തെയും അറിയിച്ചത്. മരണം സ്ഥിരീകരിക്കാന്‍ ഡോക്ടര്‍മാര്‍ എത്തിയതോടെ മരണത്തില്‍ ദുരൂഹത തോന്നുകയായിരുന്നു. കഴുത്തിലെ പാടുകളും രക്തം കട്ട പിടിച്ച പാടും കണ്ടതോടെ മരണം കൊലപാതകമാണെന്ന സംശയം ഉയര്‍ന്നു. തിങ്കളാഴ്ച രാവിലെ മക്കളായ സിജോയെയും ജോജോയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്ത്, വിശദമായ ചോദ്യം ചെയ്യുന്നതിനിടെയാണ് ജോജോ കുറ്റം സമ്മതിച്ചത്.