Newsperseconds.com

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; പോലീസില്‍ പരാതി നല്‍കുമെന്ന് കുടുംബം

232102 Suspended 1

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. ആറാമത്തെ വിരല്‍ നീക്കം ചെയ്യാനെത്തിയ നാലുവയസ്സുകാരിയുടെ നാവിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ശസത്രക്രിയ ചെയ്ത ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്.

ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാലു വയസ്സുകാരിക്കാണ് അവയവം മാറി ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിലെത്തിയത് ആറാം വിരല്‍ നീക്കാനായിരുന്നു. എന്നാല്‍ വിരലിന് പകരം നാവിനാണ് ശസ്ത്രക്രിയ നടത്തിയത്. ഗുരുതരമായ ചികിത്സാ പിഴവാണ് മെഡി. കോളേജ് അധികൃതര്‍ക്ക് സംഭവിച്ചതെന്ന് കുടുംബം ആരോപിച്ചു. ഓപ്പറേഷന്‍ തിയ്യറ്ററിലേക്ക് കയറ്റുമ്പോള്‍ കുടുംബാംഗങ്ങള്‍ പുറത്തുണ്ടായിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞ് വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍ കുട്ടിയുടെ വായിലെ പഞ്ഞി കണ്ടതോടെ കുടുംബത്തിന് സംശയമായി. തുടര്‍ന്ന് കൈ നോക്കിയപ്പോള്‍ ആറാം വിരല്‍ കയ്യില്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ കൈയ്യില്‍ ഒരു കെട്ടും ഉണ്ടായിരുന്നു. കെട്ട് ഇട്ടത് എന്തിനാണെന്ന് കുടുംബത്തിന് അറിയില്ല. തിയ്യറ്ററിന് ഉള്ളില്‍ നടന്നത് അതിശയിപ്പിക്കുന്ന കാര്യമാണെന്നാണ് കുടുംബം പറയുന്നത്.

കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയതിന്റെ കാരണം ഡോക്ടറോട് ചോദിച്ചപ്പോള്‍ ഡോക്ടര്‍ മാപ്പ് പറയുകയാണ് ഉണ്ടായത്. അധികൃതര്‍ക്ക് ആര്‍ക്കും തന്നെ ഒന്നും അറിയാത്ത മട്ടിലാണ്. ശസ്ത്രക്രിയ പിഴവ് സംഭവിച്ചതില്‍ ഡോക്ടര്‍ക്കെതിരെ കുടുംബം പൊലീസില്‍ പരാതി നല്‍കുമെന്നാണ് അറിയിച്ചത്.
ഇനി ഇങ്ങനെ ഒരു അനുഭവം ആര്‍ക്കും ഉണ്ടാകരുതെന്ന് കുടുംബം പറയുന്നു. കുട്ടി മാറിപോയെന്നാണ് അധികൃതര്‍ അറിയിച്ചതെന്നും ഡോക്ടര്‍ കുറ്റം സമ്മതിച്ചുവെന്നും കുടുംബം പറഞ്ഞു.

 

Share this Article

Leave a Comment