Newsperseconds.com

സംസ്ഥാനത്ത് വ്യാപക മഴ; തിരുവനന്തപുരത്ത് നിരവധി വീടുകളില്‍ വെള്ളം കയറി; മണിമലയാറ്റില്‍ അതിഥി തൊഴിലാളിയെ ഒഴുക്കില്‍പെട്ട് കാണാതായി

Capture

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തോരാതെ പെയ്യുന്ന കനത്ത മഴയില്‍ നാശനഷ്ടം. പത്തനംതിട്ടയിലും കൊല്ലത്തും ജാഗ്രത തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. റോഡുകളില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗത തടസ്സം അനുഭവപ്പെട്ടു. തിരുവനന്തപുരം ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാല്‍ മലയോര – തീരദേശ മേഖലയിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ശക്തമായ മഴയില്‍ മരങ്ങള്‍ കടപുഴകി വീണതോടെ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. മഴക്കെടുതി കണക്കിലെടുത്ത് ജില്ലാ ആസ്ഥാന അഗ്‌നിരക്ഷാ നിലയത്തില്‍ കണ്ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കളക്ട്രേറ്റിലും കണ്‍ട്രോള്‍ റൂം സജ്ജമായി. പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്.

അതേ സമയം, മണിമലയാറ്റില്‍ അതിഥി തൊഴിലാളിയെ ഒഴുക്കില്‍പെട്ട് കാണാതായി. ബിഹാര്‍ സ്വദേശി നരേഷി(25)നെയാണ് കാണാതായത്. മല്ലപ്പള്ളി കോമളം കടവില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്ന് അതിഥി തൊഴിലാളികളാണ് ഒഴുക്കില്‍പെട്ടത്. ഇവരില്‍ രണ്ട് പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. ഇന്ന് രാവിലെ തുടങ്ങിയ മഴയില്‍ കൊല്ലം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

എറണാകുളം ജില്ലയില്‍ റോഡ് പണി നടക്കുന്നതിനാല്‍ വെള്ളക്കെട്ടുകള്‍ രൂക്ഷമായി. പലയിടത്തും ഗതാഗത തടസ്സം അനുഭവപ്പെട്ടു. മഴ നിര്‍ത്താതെ തുടര്‍ന്നാല്‍ ജില്ലയുടെ തീരപ്രദേശങ്ങളിലെ സ്ഥിതിയും ആശങ്കയിലാകും.

Share this Article

Leave a Comment