തിരുവനന്തപുരം: മേയര്‍- ഡ്രൈവര്‍ തര്‍ക്കത്തില്‍ സംഭവം പുനരാവിഷ്‌കരിച്ച് പോലീസ്. സാഹചര്യതെളിവുകള്‍ ലഭിക്കാനായി ബസും കാറും ഓടിച്ച് പോലീസ് പരിശോധന നടത്തി. ബസ്സിലെ ഡ്രൈവര്‍ ആംഗ്യം കാണിച്ചാല്‍ മുന്നില്‍ പോകുന്ന വാഹനത്തിലെ യാത്രക്കാര്‍ക്ക് കാണാനാകുമെന്ന് പൊലീസ് വ്യക്തമാക്കി. #്‌ഡ്രൈവര്‍ യദു ലൈംഗിക ചേഷ്ട കാണിച്ചതില്‍ മറ്റൊരു തെളിവും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാലാണ് സംഭവം പുനരാവിഷ്‌കരിച്ച് നോക്കിയത്.
ശനിയാഴ്ച രാത്രി പട്ടം പ്ലാമൂട് മുതല്‍ പി എം ജി വരെയാണ് സംഭവം പുനരാവിഷ്‌കരിക്കുന്ന പരിശോധന നടന്നത്. മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ നേരത്തെ മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മേയര്‍ നേരിട്ടെത്തി മൊഴി നല്‍കിയത്. ഡ്രൈവര്‍ യദു ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലെടുത്ത കേസിലായിരുന്നു രഹസ്യമൊഴി നല്‍കിയത്.
മേയറുടെ മൊഴിയില്‍ പറയുന്നത് ഇങ്ങനെയാണ്. ‘പട്ടം പ്ലാമൂട് റോഡില്‍ യാത്ര ചെയ്യുമ്പോള്‍ ഇടതുഭാഗത്ത് കൂടി കെഎസ്ആര്‍ടിസി ബസ് ഓവര്‍ടേക്ക് ചെയ്ത് വരികയായിരുന്നു. ഞാനും സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയുമായിരുന്നു കാറിന്റെ പിറകില്‍ ഉണ്ടായിരുന്നത്. ഗ്ലാസിലൂടെ തിരിഞ്ഞ് നോക്കുമ്പോള്‍ ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഈവിധം പെരുമാറിയപ്പോള്‍ ആശങ്കപ്പെട്ടുപോയി. തുടര്‍ന്ന് പാളയത്തുവെച്ചാണ് കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറുമായി സംസാരിച്ചത്. വളരെ മോശമായാണ് അദ്ദേഹം പെരുമാറിയതെന്നാ’യിരുന്നു ആര്യാ രാജേന്ദ്രന്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ചിരുന്നത്.