Newsperseconds.com

കൊച്ചി നഗരത്തില്‍ ഒന്നര മണിക്കൂറില്‍ പെയ്തത് 98 മില്ലീമീറ്റര്‍ മഴ; മേഘവിസ്‌ഫോടനമെന്ന് സൂചന

New

കൊച്ചി നഗരത്തില്‍ ഒന്നര മണിക്കൂറില്‍ പെയ്തത് 98 മില്ലീമീറ്റര്‍ മഴ. മേഘവിസ്‌ഫോടനം ആകാമെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. സാധാരണ ഗതിയില്‍ മേഘവിസ്ഫോടനം സ്ഥിരീകരിക്കുന്നതിന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിക്കുന്ന ചില മാനദണ്ഡങ്ങള്‍ ഉണ്ട്. ഒരു മണിക്കൂറില്‍ നൂറ് മില്ലീമീറ്റര്‍ മഴ പെയ്താലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അത് മേഘ വിസ്‌ഫോടനമായി സ്ഥിരീകരിക്കുന്നത്. സമാന രീതിയിലാണ് കൊച്ചിയില്‍ ഇന്ന് മഴ പെയ്തത്.

റേമല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം പശ്ചിമ തീരത്തെ കാറ്റിന്റെ വേഗം വര്‍ദ്ധിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ അറബിക്കടലിന്റെ മധ്യത്തില്‍ രൂപപ്പെട്ട മേഘക്കൂട്ടങ്ങളുണ്ട്. നീരാവിയെയും വഹിച്ചുകൊണ്ടുള്ള വലിയ കാറ്റാണ് തീരപ്രദേശത്തേക്ക് കഴിഞ്ഞ മണിക്കൂറുകളില്‍ എത്തുന്നത്. മണ്‍സൂണ്‍ കാലത്തെ കാറ്റിന്റെ പാറ്റേണും പ്രീ മണ്‍സൂണ്‍ കാലത്തെ മഴമേഘങ്ങളുടെ ഘടനയുമാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണം.

രാവിലെ 8.30ന് ശേഷം കൊച്ചിയില്‍ കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കണ്ടെത്തി. 14 കിലോമീറ്റര്‍ വരെയൊക്കെയുള്ള മേഘങ്ങളാണിത്. രാവിലെ 9.10 മുതല്‍ 10.10 വരെ കുസാറ്റിലെ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനില്‍ 100 മില്ലീ മീറ്ററിനടുത്ത് മഴ രേഖപ്പെടുത്തി. കേരളത്തില്‍ ആദ്യമായി രേഖപ്പെടുത്തുന്ന, മേഘവിസ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ രൂപത്തിലുള്ള മഴയാണ് ഇന്ന് കൊച്ചിയില്‍ ലഭിച്ചിരിക്കുന്നതെന്ന്
കുസാറ്റിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എസ് അഭിലാഷ് പറഞ്ഞു.

നിര്‍ത്താതെ പെയ്ത മഴയില്‍ കൊച്ചിയില്‍ കനത്ത വെളളക്കെട്ടുണ്ടായി. കൊച്ചി നഗരസഭാ മേഖലയിലും തൃക്കാക്കര, കളമശേരി , തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റികളിലുളളവരേയുമാണ് ഏറെ ബാധിച്ചത്. എംജി റോഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയാണ്. കാക്കനാട് വാഴക്കാല മാര്‍ക്കറ്റ് വെള്ളത്തില്‍ മുങ്ങി. മാര്‍ക്കറ്റില്‍ മീന്‍, മാംസം, പച്ചക്കറികള്‍ തുടങ്ങിയവ വെള്ളത്തില്‍ നശിച്ചു. അങ്കമാലിയില്‍ റോഡ് അരികില്‍ പാര്‍ക്ക് ചെയ്ത ഇരുചക്ര വാഹനങ്ങള്‍ ഒഴുകിപ്പോയി. നഗരത്തോട് ചേര്‍ന്ന താഴ്ന്ന മേഖലകളിലെ വീടുകളിലും വെളളം കയറി.

Share this Article

Leave a Comment