നീണ്ട കാലത്തെ വാക് തര്‍ക്കങ്ങള്‍ക്കും പ്രചരണതന്ത്രങ്ങള്‍ക്കുമൊടുവില്‍ ലോക്‌സഭ അവസാനഘട്ട വോട്ടെടുപ്പും ഇന്നത്തോടെ അവസാനിച്ചു. രാജ്യം ആകാംക്ഷയോടെ ഇനി കാത്തിരിക്കുന്നത് ജൂണ്‍ നാലിനുള്ള വോട്ടെണ്ണലിനാണ്. അവസാനഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ വിധിയുടെ സൂചനകളാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളിലൂടെ പുറത്തുവരുന്നത്. കേരളത്തില്‍ യുഡിഎഫ് തരംഗമാണെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. യുഡിഎഫ് 17 മുതല്‍ 19 വരെ സീറ്റുകള്‍ നേടുമെന്നും എല്‍ഡിഎഫിന് ഒരു സീറ്റും പോലും ലഭിക്കില്ലെന്നുമാണ് എക്‌സിറ്റ് പോള്‍ പ്രവചനം. ദേശീയതലത്തില്‍ മൂന്നാം തവണയും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തും. കൂടാതെ ഇത്തവണ സംസ്ഥാനത്ത് താമര വിടരാനുള്ള സാധ്യതയാണ് എല്ലാ എക്സിറ്റ് പോള്‍ പ്രവചനങ്ങളും സൂചിപ്പിക്കുന്നത്.
പ്രമുഖ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ യുഡിഎഫ് തരംഗമാണ് കേരളത്തില്‍ പ്രവചിക്കപ്പെടുന്നത്. ഫലങ്ങളിലെല്ലാം തന്നെ യുഡിഎഫിന്റെ ആധിപത്യമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. പുറത്തുവന്ന ഫലങ്ങളില്‍ ടൈംസ് നൗ-ഇടിജിയാണ് യുഡിഎഫിന് ഏറ്റവും കുറഞ്ഞ സീറ്റുകള്‍ പ്രവചിച്ചിട്ടുള്ളത്. അതേസമയം എല്ലാ പ്രവചനങ്ങളിലും എല്‍ഡിഎഫ് തകര്‍ന്നടിയുന്ന കാഴ്ചയാണ് നിലവിലുള്ളത്. പുറത്തുവന്ന പ്രവചനങ്ങളിലെല്ലാം തന്നെ എന്‍ഡിഎ സംസ്ഥാനത്ത് ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍ നേടുമെന്നാണ് സൂചിപ്പിക്കുന്നത്. മുഴുവന്‍ സര്‍വ്വേകളിലും യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കം നിലനിര്‍ത്തുന്നുണ്ട്. എന്‍ഡിഎക്ക് ഒന്നു മുതല്‍ മൂന്ന് വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പറയുന്നതോടൊപ്പം വോട്ട് ഷെയറില്‍ വലിയ വര്‍ധനവ് ഉണ്ടാകുമെന്നുമാണ് പറയുന്നത്. എന്നാല്‍ ഭരണകക്ഷിയായ എല്‍ഡിഎഫിന് ഈ സര്‍വേ ഫലം ഒട്ടും തൃപ്തി നല്‍കുന്നതല്ല. പ്രത്യേകിച്ച് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിലനില്‍ക്കവെ ഈ തവണ കൂടി ലോക്സഭയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വലിയ തിരിച്ചടിയാകും എന്നാണ് ഇടത് കേന്ദ്രങ്ങള്‍ കരുതുന്നത്.
ഇന്ത്യ ടു ഡേ -ആക്സിസ് മൈ ഇന്ത്യ ഏജന്‍സി പുറത്തു വിട്ട എക്സിറ്റ് പോള്‍ ഫലമനുസരിച്ച് യുഡിഎഫ്: 17-18, എല്‍ഡിഎഫ്: 0-1, എന്‍ഡിഎ: 2-3 എന്നിങ്ങനെയാണ്. ടൈംസ് നൗ ഇടിജി എക്സിറ്റ് പോള്‍ സര്‍വ്വെ പ്രകാരം യുഡിഎഫ്: 14-15, എല്‍ഡിഎഫ്: 0-4, എന്‍ഡിഎ: 0-1 എന്നിങ്ങനെയാണ്. ആറ്റിങ്ങല്‍, തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങള്‍ ബിജെപിക്കെന്ന് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍. മൂന്നാം തവണയും എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്നാണ് പറയുന്നത്. 359 സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചനം. ഇന്ത്യ സഖ്യം 154 സീറ്റുകള്‍ ലഭിക്കുമെന്നുമാണ് പറയുന്നത്. സംസ്ഥാനത്തെ ഭരണകക്ഷിയായ എല്‍ഡിഎഫിന് പക്ഷേ ആശ്വസിക്കാന്‍ ഒരു വകയുമില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജന്‍ കി ബാത്ത് സര്‍വേ ഫലം യുഡിഎഫിന് ആശ്വാസകരമാവുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. പ്രത്യേകിച്ച് കേരളത്തിലെ പ്രാദേശിക സാഹചര്യങ്ങളില്‍ നിന്നുള്ള വെല്ലുവിളികള്‍ മറികടന്നുകൊണ്ട് ഏതാണ്ട് കഴിഞ്ഞ തവണ നേടിയതിനോളം സീറ്റുകള്‍ നേടാനായാല്‍ യുഡിഎഫിന് അത് ചെറിയ കാര്യമല്ല.