തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി ജയിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. കേരളത്തില്‍ ബിജെപി ഒരിടത്തും അക്കൗണ്ട് തുറക്കില്ല. അത് വെറും സ്വപ്‌നമാണെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചിരുന്നു. ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന്‍ ജയിക്കുമെന്നും തൃശ്ശൂരില്‍ സുരേഷ്‌ഗോപി തോല്‍ക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടായിരുന്നു സുരേഷ്‌ഗോപിയുടെ വിജയം.
എന്‍ഡിഎക്ക് വോട്ടുകള്‍ കേരളത്തില്‍ കൂടിയേക്കാം. എല്‍ഡിഎഫും യുഡിഎഫും മത്സരിച്ച് ന്യൂനപക്ഷ പ്രീണനം നടത്തുന്നതിനാല്‍ ഭൂരിപക്ഷ ജനങ്ങളില്‍ കുറച്ചു പേര്‍ എന്‍ഡിഎക്ക് ഒപ്പം പോകും. സുരേഷ്‌ഗോപി ഒരു രാഷ്ട്രീയക്കാരനല്ല. അദ്ദേഹമൊരു സിനിമാക്കാരനാണ്. രാഷ്ട്രീയ അടവുനയവും മെയ്‌വഴക്കവും അദ്ദേഹത്തിന് ഇല്ലാത്തതിന്റെ എല്ലാ പ്രശ്നവും തൃശ്ശൂരില്‍ സംഭവിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. അത് മാത്രവുമല്ല, ആലപ്പുഴയില്‍ കടുത്ത മത്സരം നടക്കുമെന്നും ശോഭ സുരേന്ദ്രന്‍ തീര്‍ച്ചയായും വിജയം കൈവരിക്കുമെന്നാണ് വെള്ളാപ്പള്ളി പ്രവചനം നടത്തിയിരുന്നത്. വിമര്‍ശനങ്ങള്‍ക്കും പ്രവചനങ്ങള്‍ക്കും മറുപടിയെന്നോണമുള്ള തിരിച്ചുവരവായിരുന്നു തൃശ്ശൂരില്‍ സുരേഷ്‌ഗോപിയുടേത്. 412338 വോട്ടാണ് സുരേഷ്‌ഗോപി നേടിയത്.
അതേ സമയം, വെള്ളാപ്പള്ളിയുടെ പരാമര്‍ശം തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വിവാദമായിരുന്നു. തൃശൂരില്‍ തോല്‍ക്കുമെന്ന് തന്നോട് പറഞ്ഞത് ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി തന്നെയാണ്. തൃശൂരില്‍ തോറ്റു പോകുമെന്ന സൂചന സുരേഷ് ഗോപിയില്‍ നിന്നു തന്നെയാണ് തനിക്കു ലഭിച്ചത്. താന്‍ ഒരു രാഷ്ട്രീയക്കാരനല്ലെന്ന് സുരേഷ് ഗോപി തന്റെ വീട്ടില്‍ വന്നപ്പോള്‍ പറഞ്ഞിരുന്നു. താന്‍ ഒരു സിനിമക്കാരനാണ്. ഇടം വലം നോക്കാതെ താന്‍ മുന്നോട്ട് പോകും. അത് ആരെങ്കിലും തെറ്റിച്ചാല്‍ വഴക്കുണ്ടാകുമെന്നും അത് തന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നുവെന്നാണ് വെള്ളാപ്പള്ളി പിന്നീട് പറഞ്ഞത്. ഇങ്ങനെ പറഞ്ഞാല്‍ അതിന്റെ അര്‍ഥമെന്താ, മുന്‍കൂര്‍ ജാമ്യം എടുത്ത് എന്നല്ലെ. സുരേഷ് ഗോപി അദ്ദേഹത്തിന്റെ സന്ദേശം പറഞ്ഞപ്പോള്‍, സുരേഷ് ഗോപി തോറ്റുപോകുമെന്ന് താന്‍ പറഞ്ഞതാണെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.
വെള്ളാപ്പള്ളിയുടെ പ്രസ്താവന ബിജെപിക്ക് എന്ത് കൊണ്ടും ദോഷം ചെയ്തുവെന്നാണ് ബിജെപിയില്‍ ഒരു വിഭാഗം പറയുന്നത്. സുരേഷ്‌ഗോപി പരാജയപ്പെടുമെന്ന് വെള്ളാപ്പള്ളി പറഞ്ഞത് ഭൂരിപക്ഷത്തില്‍ വലിയ ഇടിവാണ് ഉണ്ടാക്കിയിട്ടുള്ളത്. വെള്ളാപ്പള്ളി നടത്തുന്ന വിമര്‍ശനങ്ങള്‍ എല്ലാം ഇടതുപക്ഷത്തിന് ഗുണകരമാവുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് ബിജെപി വിലയിരുത്തുന്നത്. വെള്ളപ്പള്ളിക്കെതിരെയുള്ള പ്രതിഷേധം എന്‍ഡിഎക്ക് ഉള്ളില്‍ ശക്തമായി കൊണ്ടിരിക്കുകയാണ്.