Newsperseconds.com

അതിരുകളില്ലാത്ത ആതുരസേവനം കൊണ്ട് ആയിരങ്ങള്‍ക്ക് കരുത്തും കരുതലുമായ വ്യക്തി; ഡോക്ടര്‍ ബി.പത്മകുമാര്‍ ജനകീയതയുടെ മുഖം

Untitled 1

ആലപ്പുഴ ഗവ.ടി.ഡി.മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ സ്ഥാനത്തു നിന്നും കൊല്ലം ഗവ.മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പാള്‍ പദവിയിലേക്ക് എത്തുന്ന ഡോ.ബി.പത്മകുമാര്‍ ആയിരക്കണക്കിന് സാധാരണ ജനങ്ങള്‍ക്ക് കരുത്തും കരുതലും ആശ്വാസവുമായിരുന്നു. ജനകീയ ഡോക്ടറായ പത്മകുമാര്‍ വേദനയോടെ തന്നെ സമീപിക്കുന്ന രോഗികളെ എളിമയുടെയും സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ചെറുചിരിയുമായി സ്പര്‍ശിക്കുമ്പോള്‍ തന്നെ അവര്‍ക്ക് ലഭിക്കുന്ന ആശ്വാസം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു. എല്ലാവര്‍ക്കും പ്രിയങ്കരനായ ഡോക്ടര്‍ കാല്‍ നൂറ്റാണ്ടായി ആതുരസേവന രംഗത്ത് സേവനമനസ്ഥിതിയോട് മാത്രം പ്രവര്‍ത്തിച്ചു വരികയാണ്.

2

ഡോ.പത്മകുമാറിന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കണക്കിലെടുത്ത് 2011 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു. ഒരു ഡോക്ടര്‍ എന്നതിലുപരി ഗായകന്‍, എഴുത്തുകാരന്‍, പ്രാസംഗികന്‍, കലാകാരന്‍ തുടങ്ങി എല്ലാമേഖലകളിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. തിരക്കിനിടയിലും ജനറല്‍ മെഡിസിനില്‍ പി.എച്ച്.ഡി കരസ്ഥമാക്കി. മുപ്പതോളം ആരോഗ്യഗ്രന്ഥങ്ങള്‍ രമിച്ചിട്ടുണ്ട്. കേരള സര്‍വ്വകലാശാല യുവജനോത്സവത്തില്‍ ലളിത ഗാനത്തിന് പ്രഥമസ്ഥാനം നേടിയ അദ്ദേഹം താന്‍ നല്‍കുന്ന മരുന്നിനൊപ്പം സംഗീതവും പകര്‍ന്ന് നല്‍കി രോഗികള്‍ക്ക് ആശ്വാസമേകാറുണ്ട്. എത്ര വലിയ വേദിയേയും ചിരിക്കാനും ചിന്തിപ്പിക്കാനും സാധിക്കുന്ന അദ്ദേഹത്തിന്റെ വാക്ചാതുര്യം അപാരമാണ്. പത്ര-ദൃശ്യ മാധ്യമങ്ങളിലും ആനുകാലിക-ആരോഗ്യ പ്രസിദ്ധീകരണങ്ങളിലും തന്റെ അറിവുകള്‍ പകര്‍ന്ന് നല്‍കുന്നതില്‍ അദ്ദേഹം വളരെയേറെ തല്‍പരനാണ്.

4

1963ല്‍ കെ.പി. ബാലസുന്ദരത്തിന്റെയും ഭാനുമതിയമ്മയുടെയും മകനായി മാവേലിക്കരയിലാണ് ബി.പത്മകുമാറിന്റെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസം ആലപ്പുഴ ടി.ഡി. സ്‌കൂളില്‍. കേരള സര്‍വ്വകലാശാലയില്‍ നിന്നും 1983-ല്‍ ഒന്നാം റാങ്കോടെ ബി.എസ്സി. സുവോളജി പരീക്ഷയും 1990-ല്‍ സ്വര്‍ണ്ണമെഡലോടെ എം.ബി.ബി.എസും 1995-ല്‍ മറാത്തുവാഡ സര്‍വ്വകലാശാലയില്‍നിന്നും ഒന്നാംറാങ്കോടെ എം.ഡി. യും (മെഡിസിന്‍) പാസ്സായി. കേരളസര്‍വ്വകലാശാലയില്‍നിന്നും 2016-ല്‍ ഗവേഷണ ബിരുദവും നേടി. വൈദ്യശാസ്ത്രസംബന്ധിയായ നിരവധി പുസ്തകങ്ങളും പ്രബന്ധങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സര്‍വ്വരോഗ വിജ്ഞാനകോശം എന്ന ബൃഹദ് സമാഹാരത്തിന്റെ ജനറല്‍ എഡിറ്റര്‍ കൂടിയായിരുന്നു ബി. പത്മകുമാര്‍.

Pp

ശബരിമല തീര്‍ത്ഥാടന കാലത്ത് സ്വന്തം താല്‍പര്യപ്രകാരം സേവന തല്‍പ്പരതയോടെ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍ വൃദ്ധജനങ്ങള്‍ക്കായി നടത്തുന്ന ഒരു മെഡിക്കല്‍ ക്യാമ്പുണ്ട്. അത് എത്ര ദൂരെയായാലും ഒഴിവാക്കാറില്ല. പ്രളയം, കോവിഡ്, ചിക്കന്‍ ഗുനിയ തുടങ്ങിയ കാലങ്ങളില്‍ രാപ്പകല്‍ ആശുപത്രികളിലും ക്യാമ്പുകളിലും ഫോണ്‍-ഇന്‍ പ്രോഗ്രാമുകളിലും സജീവ സാന്നിദ്ധ്യമായിരുന്നു പത്മകുമാര്‍. തന്റെ അടുത്തു വരുന്ന രോഗികള്‍ക്ക് ഒരു ഡോക്ടറിലുപരി മകനായി, സഹോദരനായി, സുഹൃത്തായി ആശ്വാസം പകരുന്നൊരു വ്യക്തി കൂടിയാണ് അദ്ദേഹം. പത്മകുമാര്‍ ദൈവീകമായി കാണുന്ന ആതുരസേവനമെന്ന അത്ഭുതസിദ്ധി കൊണ്ട് തീര്‍ക്കുന്ന മായാജാലം ആയിരങ്ങള്‍ക്ക് ആശ്വാസമായി മാറിയിട്ടുണ്ട്.

എ.എന്‍.പുരം ശിവകുമാര്‍,
വികസന സൊസൈറ്റി അംഗം, ഗവ.ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രി, ആലപ്പുഴ.

 

Share this Article

Leave a Comment